![പ്രളയകാലത്ത് വിദേശയാത്ര: മന്ത്രി കെ രാജുവിന് പരസ്യശാസന പ്രളയകാലത്ത് വിദേശയാത്ര: മന്ത്രി കെ രാജുവിന് പരസ്യശാസന](https://www.mediaoneonline.com/h-upload/old_images/1125668-kraju.webp)
പ്രളയകാലത്ത് വിദേശയാത്ര: മന്ത്രി കെ രാജുവിന് പരസ്യശാസന
![](/images/authorplaceholder.jpg)
എന്ത് പറഞ്ഞ് ന്യായീകരിച്ചാലും കെ.രാജു വിദേശത്ത് പോയത് ശരിയായില്ലെന്ന് കാനം പറഞ്ഞു.
സംസ്ഥാനം രൂക്ഷമായ വെള്ളപ്പൊക്കം അനുഭവിക്കെ വിദേശ യാത്ര നടത്തിയ മന്ത്രി കെ രാജുവിനെതിരെ സിപിഐയുടെ അച്ചടക്ക നടപടി. രാജുവിനെ പരസ്യമായി ശാസിച്ചതായി സംസ്ഥാനെ സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. എന്ത് പറഞ്ഞ് ന്യായീകരിച്ചാലും കെ.രാജു വിദേശത്ത് പോയത് ശരിയായില്ലെന്ന് കാനം പറഞ്ഞു.
ഇന്ന് ചേർന്ന പാര്‍ട്ടി എക്സിക്യൂട്ടീവ് യോഗമാണ് മന്ത്രിക്കെതിരെ നടപടി എടുത്തത്. ഔദ്യോഗിക ആവശ്യങ്ങൾക്കാല്ലാതെ പാർട്ടി മന്ത്രിമാർ വിദേശയാത്ര നടത്തുന്നതിനും സി.പി.ഐ വിലക്കേർപ്പെടുത്തി. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കാതെ ജർമ്മനിയിലേക്ക് പോയ വനം മന്ത്രി രാജുവിൻറെ നടപടിക്കെതിരെ രൂക്ഷവിമർശമാണ് സിപിഐ എക്സിക്യൂട്ടീവ് യോഗത്തിലുയർന്നത്. മന്ത്രിയുടെ പ്രവൃത്തി ഔചിത്യമില്ലാത്തതായി പോയെന്ന് ഭൂരിഭാഗം പേരും ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിലുളള രാജുവിൻറെ വിശദീകരണം ചർച്ച ചെയ്തശേഷമാണ് പാർട്ടി നേതൃത്വം നടപടി പ്രഖ്യാപിച്ചത്.
പോകാന്‍ അനുവാദം വാങ്ങിയത് പ്രളയത്തിന് മുമ്പ്, എന്നാല്‍ പ്രളയ സമയത്ത് പോകണോ വേണ്ടയോ എന്ന് രാജു തീരുമാനിക്കണമായിരുന്നുവെന്നും കെ രാജുവിനെ പരസ്യമായി ശാസിച്ചുവെന്നം കാനം പറഞ്ഞു. രാജുവിന്റെ ജര്‍മ്മന്‍ യാത്ര വന്‍ വിവാദത്തിനാണ് വഴിവെച്ചത്. സംഭവം പാര്‍ട്ടിക്ക് നാണക്കേടായെന്ന വിലയിരുത്തലായിരന്നു പാര്‍ട്ടിക്കുണ്ടായിരുന്നത്. രാജുവിനെതിരെ നടപടിയെടുക്കുമെന്ന് അന്ന് തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.