Kerala
സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് സുരേഷ് കൊച്ചാട്ടില്‍ നല്‍കിയ ഹരജി സുപ്രിംകോടതി തള്ളി
Kerala

സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് സുരേഷ് കൊച്ചാട്ടില്‍ നല്‍കിയ ഹരജി സുപ്രിംകോടതി തള്ളി

Web Desk
|
28 Aug 2018 9:14 AM GMT

പ്രളയ ദുരിതമനുഭവിക്കുന്ന കേരളത്തിന് സഹായങ്ങളൊന്നും ചെയ്യരുതെന്നും പറഞ്ഞുകൊണ്ട് സുരേഷ് സോഷ്യല്‍ മീഡിയയില്‍ ഓഡിയോ സന്ദേശം അയക്കുകയും, അതിന് ദേശീയതലത്തിലടക്കം വലിയ പ്രചാരം ലഭിക്കുകയും ചെയ്തിരുന്നു

പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് സഹായങ്ങള്‍ ഒന്നും ചെയ്യരുതെന്ന് സമൂഹ മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടിതിനെ തുടര്‍ന്ന് കടുത്ത വിമര്‍ശനങ്ങളേറ്റുവാങ്ങിയ സുരേഷ് കൊച്ചാട്ടില്‍, സുരക്ഷ തേടി സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തള്ളി. തനിക്കും തെലങ്കാനയിലുള്ള കുടുംബത്തിനും സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് കൊച്ചാട്ടില്‍ നല്‍കിയ ഹര്‍ജിയാണ് തുടര്‍ നടപടികള്‍ സ്വീകരിക്കാതെ കോടതി തള്ളിയത്. സുരേഷിന് സുരക്ഷ നല്‍കാന്‍ നിര്‍ദേശിക്കാനാവില്ലെന്ന് സുപ്രീംകോടതി അറിയിക്കുകയായിരുന്നു.

ബി.ജെ.പിയുടെ ഐ.ടി സെല്‍ പ്രവര്‍ത്തകനെന്ന് പരിചയപ്പെടുത്തുന്ന സുരേഷ് കൊച്ചാട്ടില്‍, പ്രളയ ദുരിതമനുഭവിക്കുന്ന കേരളത്തിന് സഹായങ്ങളൊന്നും ചെയ്യരുതെന്നും അവര്‍ക്കിതിന്റെയൊന്നും ആവശ്യമില്ലെന്നും പറഞ്ഞുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഓഡിയോ സന്ദേശം അയച്ചിരുന്നു. ദേശീയതലത്തിലടക്കം വലിയ പ്രചാരമാണതിന് ലഭിച്ചത്. സമാന വിദ്വേഷ പ്രചരണങ്ങള്‍ ഫേസ്ബുക്ക് വഴിയും അദ്ദേഹം നടത്തുകയുണ്ടായി.

അതിസമ്പന്ന കുടുംബങ്ങളില്‍ നിന്നുള്ളവരാണ് പ്രളയബാധിതരെല്ലാവരും. സാനിറ്ററി നാപ്കിനുകളോ മെഴുകുതിരികളോ ഇവര്‍ക്കാവശ്യമില്ലെന്നും നിലവാരമില്ലാത്ത അരി അവര്‍ കഴിക്കില്ലെന്നും പറഞ്ഞ അദ്ദേഹം, കേരളത്തിനായി കേന്ദ്ര സര്‍വകലാശാലകളിലുള്‍പ്പടെ നടന്ന വിഭവ സമാഹരണങ്ങളെ പരിഹസിക്കുകയും, അതിന് മുന്‍കൈയ്യെടുത്ത വിദ്യാര്‍ത്ഥികളെ തീവ്രവാദികളെന്ന് ആക്ഷേപിക്കുകയും ചെയ്യുകയുണ്ടായി. സാമ്പത്തികമായി സഹായങ്ങള്‍ ചെയ്യാനുദ്ദേശിക്കുന്നവര്‍ പണം സേവാഭാരതിയുടെ അക്കൌണ്ടിലേക്ക് അയക്കുന്നതാണ് നല്ലതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍, കേരളത്തിനായി എല്ലാവരും ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങിയ സമയത്തെ കൊച്ചാട്ടിലിന്റെ ഇടപെല്‍ സമൂഹമാധ്യമങ്ങളിലും പുറത്തും വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചത്.

ഇതിനെ തുടര്‍ന്നാണ് തനിക്ക് നേരെ ഭീഷണിയുണ്ടെന്നും കാണിച്ച് സുരേഷ് കൊച്ചാട്ടില്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ സുരക്ഷാ ഭീഷണി ഉണ്ടെങ്കിൽ അത് അറിയിക്കേണ്ടത് പൊലീസിനെയാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി ഹര്‍ജി തള്ളുകയായിരുന്നു.

Similar Posts