ഗള്‍ഫില്‍ നിന്ന് ദുരിതാശ്വാസ ക്യാമ്പുകളിലേക്കയച്ച വസ്തുക്കൾ വിമാനത്താവളത്തിൽ കെട്ടിക്കിടക്കുന്നതായി ആരോപണം
|ഖത്തറിലെ കെഎംസിസി, ദുരിതാശ്വാസ കാമ്പിലേക്കായി ശേഖരിച്ച വസ്തുക്കൾ ഇരുപത്തിമൂന്നാം തിയതി കേരളത്തിലെത്തിയതാണ്. എന്നാൽ കേരളത്തിലെ പ്രതിനിധികൾക്ക് ഇതുവരെയും ഇത് കലക്ടർക്ക് കൈമാറാനായിട്ടില്ല.
ഗൾഫ് രാജ്യങ്ങളിൽ നിന്നുൾപ്പെടെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കയച്ച വസ്തുക്കൾ തിരുവനന്തപുരത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കെട്ടിക്കിടക്കുന്നു. ഭക്ഷണവസ്തുക്കൾ ഉൾപ്പെടെ 70ടണ്‍ സാധനങ്ങളാണ് കാർഗോ വിഭാഗത്തിൽ കെട്ടിക്കിടക്കുന്നത്. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഉദ്യോഗസ്ഥര്‍ സാധനങ്ങളുടെ കൈമാറ്റം വൈകിപ്പിക്കുന്നുവെന്നാണ് ആരോപണം.
ഖത്തറിലെ കെഎംസിസി ദുരിതാശ്വാസ കാമ്പിലേക്കായി ശേഖരിച്ച വസ്തുക്കൾ ഇരുപത്തിമൂന്നാം തിയതി കേരളത്തിലെത്തിയതാണ്. എന്നാൽ കേരളത്തിലെ പ്രതിനിധികൾക്ക് ഇതുവരെയും ഇത് കലക്ടർക്ക് കൈമാറാനായിട്ടില്ല.
വിദേശത്ത് നിന്ന് വരുന്ന സാധനങ്ങൾ കലക്ട്രേറ്റുകൾ വഴിയാണ് വിതരണം ചെയ്യുന്നത്. ഇതിനായി കാർഗോ വിഭാഗത്തിൽ ഹെൽപ്പ് ഡെസ്കും ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ഹെൽപ്പ് ഡെസ്കിന്റെ പ്രവർത്തനം കൃത്യമായി നടക്കുന്നില്ലെന്നും ആരോപണമുയരുന്നുണ്ട്.
വിവിധ ജില്ലകളില്‍ നിന്നുള്ള ആളുകള്‍ക്ക് സമാന അനുഭവം നേരിടേണ്ടിവന്നു. മിക്കവര്‍ക്കും തിരുവനന്തപുരത്ത് മുറിയെടുത്ത് താമസിക്കേണ്ട അവസ്ഥയും. എന്നാല്‍ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കുന്നതിനുള്ള താമസം മാത്രമാണ് നേരിടുന്നതെന്നാണ് കെഎസ്ഐഇ എയര്‍കാര്‍ഗോയുടെ വിശദീകരണം. സാധനങ്ങള്‍ കൈമാറുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കിയിട്ടുണ്ടെന്നും കെഎസ്ഐഇ വ്യക്തമാക്കി.