കേരളത്തിന് കൈത്താങ്ങാവാന്‍ ഇതര സംസ്ഥാന തൊഴിലാളികള്‍; ഒരു ദിവസത്തെ കൂലി സംഭാവന ചെയ്തു
|വരും ദിവസങ്ങളില്‍ എറണാകുളം ജില്ലയിലെ വീടുകള്‍ വൃത്തിയാക്കാനും ഇവരിറങ്ങും.
പ്രളയ ദുരിതത്തില്‍ നിന്നും കേരളത്തെ കരകയറ്റാനുള്ള ശ്രമത്തില്‍ കൈകോര്‍ക്കുകയാണ് കോഴിക്കോട് നിന്നുമുള്ള ഇതര സംസ്ഥാന തൊഴിലാളികള്‍. ഒരു ദിവസത്തെ കൂലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇതിനകം തന്നെ ഇവര്‍ സംഭാവന ചെയ്തു കഴിഞ്ഞു. വരും ദിവസങ്ങളില്‍ എറണാകുളം ജില്ലയിലെ വീടുകള്‍ വൃത്തിയാക്കാനും ഇവരിറങ്ങും.
ഇത്രനാള്‍ ജോലി ചെയ്ത് സമ്പാദിച്ചതൊക്കെ കേരളത്തിന്റെ മണ്ണില്‍നിന്നായിരുന്നു. പ്രളയം വിഴുങ്ങിയ കേരളത്തെ വീണ്ടെടുക്കാനുള്ള ശ്രമത്തിന് ഈ നാടിന്റെ കൂടെ നില്ക്കാന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല ഈ തൊഴിലാളികള്‍ക്ക്.
കോഴിക്കോട് കൊളക്കാടന്‍ കണ്‍സ്ട്രക്ഷന്‍ കീഴിലുള്ള 160 തൊഴിലാളികളാണ് മറ്റു ജീവനക്കാര്‍ക്കും മാനേജ്മെന്റിനുമൊപ്പം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നത്. എറണാകുളം ജില്ലയിലെ വീടുകളും കിണറുകളുമൊക്കെ വൃത്തിയാക്കാനായി ഇവരും ഇറങ്ങുകയാണ്. കിണറുകളില്‍ സ്ഥാപിക്കാനുള്ള മോട്ടോര്‍ ഉള്‍പ്പെടെയുള്ളവയുമായാണ് ഇവരുടെ യാത്ര.