Kerala
പ്രളയം വിഴുങ്ങിയ കുറിച്യർമല സ്‌കൂളിനായി 72 മണിക്കൂര്‍ കൊണ്ടൊരു സ്‌കൂളൊരുക്കി ഒരു കൂട്ടം ചെറുപ്പക്കാര്‍
Kerala

പ്രളയം വിഴുങ്ങിയ കുറിച്യർമല സ്‌കൂളിനായി 72 മണിക്കൂര്‍ കൊണ്ടൊരു സ്‌കൂളൊരുക്കി ഒരു കൂട്ടം ചെറുപ്പക്കാര്‍

Web Desk
|
29 Aug 2018 3:39 PM GMT

കഴിഞ്ഞ 13നു പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് സ്‌കൂൾ പകുതിയും ചെളിയിൽ മുങ്ങിയിരുന്നു. സ്‌കൂളിലേക്കുള്ള റോഡും നടപ്പാലവും വെള്ളത്തിന്റെ കുത്തൊഴുക്കിൽ പൂർണമായും നശിച്ചിരുന്നു.

തങ്ങളുടെ വിദ്യാലയം മലവെള്ളപ്പാച്ചിലിൽ തകർന്നുപോകുന്നത് നിസ്സഹായരായി കണ്ടു നിൽക്കേണ്ടി വന്നവരാണ് വയനാട് ജില്ലയിലെ കുറിച്യർമല ഗവ. എൽ.പി സ്‌കൂളിലെ വിദ്യാർത്ഥികൾ. കഴിഞ്ഞ 13നു പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് സ്‌കൂൾ പകുതിയും ചെളിയിൽ മുങ്ങിയിരുന്നു. സ്‌കൂളിലേക്കുള്ള റോഡും നടപ്പാലവും വെള്ളത്തിന്റെ കുത്തൊഴുക്കിൽ പൂർണമായും നശിച്ചിരുന്നു. മഴമാറി തെളിഞ്ഞെങ്കിലും സ്‌കൂൾ പഴയപടിയാക്കാൻ ആറുമാസത്തിലധികം കാലതാമസം എടുക്കും. അത്രയും ചെളിയിൽ പൂണ്ടിരുന്നു നൂറിലധികം വിദ്യാർഥികൾ പഠിക്കുന്ന സ്‌കൂൾ.

മക്കൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകിയ സ്‌കൂൾ പുനർനിർമ്മിക്കാനുള്ള ശേഷി ഉള്ളവരായിരുന്നില്ല തോട്ടം തൊഴിലാളികളും ആദിവാസികളുമടക്കമുള്ള അവരുടെ രക്ഷിതാക്കൾ. തൊട്ടടുത്തുള്ള മദ്രസ്സ കെട്ടിടം താൽക്കാലികമായി വിട്ടുതരാൻ മഹല്ല് കമ്മറ്റി തയ്യാറാവുന്നു എന്നതാണ് ആദ്യഘട്ടം. മഹല്ല് കമ്മിറ്റി അടിയന്തിരയോഗം വിളിച്ചു മദ്‌റസക്കെട്ടിദത്തിന്റെ ഒന്നാം നില സ്‌കൂളിന് വിട്ടുനൽകുകയായിരുന്നു.

സ്‌കൂളിനെ മഹാപ്രളയം വിഴുങ്ങിയപ്പോൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും, മാത്രമല്ല ഒരു നാടിന് മുഴുവൻ ആശ്വാസമാവുകയായിരുന്നു മദ്രസാക്കമ്മിറ്റിയുടെ തീരുമാനം. സ്‌കൂളിന് സമീപത്തുള്ള മേൽമുറി ഹയാത്തുൽ ഇസ്‌ലാം മദ്രസ കമ്മിറ്റിയുടെ തീരുമാനത്തെ കുറിച്ച് വിദ്യാർത്ഥിയുടെ രക്ഷിതാവ് പറയുന്നു. സ്‌കൂളിന്റെ ദയനീയാവസ്ഥ ചിത്രങ്ങളായും വീഡിയോ ദൃശ്യങ്ങളായും ഒരുകൂട്ടം ചെറുപ്പക്കാർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.

മദ്രസയുടെ കെട്ടിടത്തിൽ സ്കൂളിനുള്ള സൗകര്യങ്ങൾ ഒരുക്കാൻ ഗ്രീൻ പാലിയേറ്റിവിന്റെയും ഹ്യൂമൻ ബീയിങ്സ് കല്കക്ടീവിന്റെയും അഭ്യർത്ഥന മാനിച്ചുകൊണ്ട് ഒരുപാട് മനുഷ്യസ്നേഹികൾ മുന്നോട്ടു വന്നു. രാവും പകലും അധ്വാനിച്ചു മൂന്നുദിവസങ്ങൾ കൊണ്ട് ക്ലാസ്സ് മുറികൾ തയ്യാറാക്കി. പ്രദേശവാസികൾ വ്യത്യസ്‌ത ജാതി മത രാഷ്ട്രീയ ഭേദമന്യെ ഹയാത്തുൽ ഇസ്‌ലാം മദ്രസയുടെ മുകൾ ഭാഗത്ത് ഒരുമിച്ചു.

മൂന്നു ദിവസം കൊണ്ട് മദ്രസയുടെ മുകൾ ഭാഗത്ത് നാല് ക്ലാസ് റൂമുകളും സ്റ്റാഫ് റൂമും, ഭക്ഷണശാലയും ഒരുക്കുക എന്നതായിരുന്നു ടാസ്ക്ക്. 72 മണിക്കൂറുകൾ കൊണ്ട് അവരാ പണി മനോഹരമായി പൂർത്തിയാക്കുകയായിരുന്നു. പിടിഎ പ്രസിഡന്റ് അസ്‌ലമും പ്രദേശത്തെ സജീവസാമൂഹ്യപ്രവർത്തകനായ ഷമീറും ചെറുപ്പക്കാർക്ക് ഊർജ്ജം പകർന്നു 72 മണിക്കൂറും കർമ്മനിരതരായി.

ക്ലാസ് റൂമുകളുടെയും സ്‌കൂളിന്റെയും ചുവരുകൾ നിറയെ കുട്ടികളുടെ മനം നിറക്കുന്ന ചിത്രങ്ങളൊരുക്കുകയായിരുന്നു അടുത്ത പണി. സുഡാനി ഫ്രം നൈജീരിയ, വരത്തൻ തുടങ്ങിയ ചിത്രങ്ങളിൽ ആർട്ട് ഡയറക്ടറായിരുന്ന അനീസ് നാടോടിയുടെ നേതൃത്വത്തിൽ കലാകാരന്മാരും കോളേജ് വിദ്യാർത്ഥികളും ക്ലാസ്സ് റൂമുകളുടെ ചുമരുകൾ മനോഹരമാക്കി. സാമ്പത്തികമായി ചെറുതും വലുതുമായ സഹായങ്ങൾ ലഭിച്ചു. സ്‌കൂളിനുള്ള പഠനോപകരണങ്ങൾ വാങ്ങി നൽകാൻ വ്യക്തികളും സംഘങ്ങളും തയ്യാറായി.

മഹാപ്രളയത്തിനു ശേഷം സംസ്ഥാനത്തിന്റെ സ്‌കൂളുകൾ വീണ്ടും തുറക്കുമ്പോൾ പ്രളയജലത്തിൽ തകർന്നുപോയ കുറിച്യർമല എൽ.പി സ്‌കൂളിലെ കുട്ടികളും ഒരു ക്ലാസ് പോലും നഷ്ടപ്പെടുത്താതെ പഠനം തുടർന്നു. ബലൂണുകൾ മുകളിലേക്ക് പറത്തിയും മധുരങ്ങൾ വിതരണം ചെയ്‌തും നാട്ടുകാരും രക്ഷിതാക്കളും കലാകാരൻമാരും വിദ്യാർത്ഥികളുടെ സന്തോഷത്തിൽ പങ്കുകൊണ്ടു. വയനാട് ജില്ലാ കളക്ടർ എ ആർ അജയകുമാർ, തഹസിൽദാർ, പ്രധാനാധ്യാപകൻ ശശി പി.കെ, പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പടെയുള്ളവർ പങ്കെടുത്തു.

അക്ഷരങ്ങളുടെയും അറിവിന്റെയും ലോകത്തു നിന്നും അകന്നുപോകാൻ അനുവദിക്കാതെ ഈ കുട്ടികളെ ചേർത്തു പിടിച്ച എല്ലാ മനുഷ്യസ്നേഹികൾക്കും നന്ദിയറിയിക്കുകയാണ് കുറിച്യര്‍മല നിവാസികള്‍.

Similar Posts