Kerala
ഡീസല്‍ ക്ഷാമം; കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടങ്ങി
Kerala

ഡീസല്‍ ക്ഷാമം; കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടങ്ങി

Web Desk
|
30 Aug 2018 7:43 AM GMT

പത്തനംതിട്ടയില്‍ മാത്രം 25 സർവീസുകൾ റദ്ദാക്കി. 50 ലക്ഷത്തോളം രൂപയാണ് പത്തനംതിട്ടയിലെ സ്വകാര്യ പമ്പില്‍ കെഎസ്ആര്‍ടിസിക്ക് കുടിശികയുള്ളത്

ഡീസൽ ക്ഷാമത്തെ തുടർന്ന്സംസ്ഥാനത്ത് പലയിടത്തും കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടങ്ങി. പത്തനംതിട്ടയില്‍ മാത്രം 25 സർവീസുകൾ റദ്ദാക്കി. 50 ലക്ഷത്തോളം രൂപയാണ് പത്തനംതിട്ടയിലെ സ്വകാര്യ പമ്പില്‍ കെഎസ്ആര്‍ടിസിക്ക് കുടിശികയുള്ളത്. പാലക്കാട്ട് ഇന്ന് ആറ് സര്‍വീസുകള്‍ മുടങ്ങി.

ഡിപ്പോയ്ക്ക് സമീപത്തെ സ്വകാര്യ പമ്പിൽ നിന്നാണ് ഡീസൽ വാങ്ങിയിരുന്നത്. ഇവിടെ 50 ലക്ഷത്തോളം രൂപയുടെ കുടിശികയുണ്ട്. ബാങ്ക് നെറ്റ് വര്‍ക്ക് തകരാറിനെ തുടർന്ന് പമ്പിലേക്ക് ഇന്ധനം എത്തിക്കാൻ ബുദ്ധിമുട്ട് നേരിടുന്നതും പ്രശ്നകാരണമാണെന്ന് പമ്പുടമ പറഞ്ഞു. പ്രളയത്തെ തുടർന്ന് പത്തനംതിട്ട ഡിപ്പോയുടെയും അനുബന്ധ ഡിപ്പോകളിലെയും നിരവധി സർവീസുകൾ ദിവസങ്ങളോളം മുടങ്ങിയിരുന്നു. ഈ വകയിൽ ഉണ്ടായ വരുമാന നഷ്ടമാണ് നിലവിലെ പ്രതിസന്ധിയുടെ കാരണം.

പാലക്കാട് ഇന്ന് രാവിലെ ഡീസല്‍ ക്ഷാമം മൂലം ആറ് ബസുകളുടെ സര്‍വീസാണ് മുടങ്ങിയത്. ഡീസല്‍ എത്തിച്ചിട്ടുണ്ടെന്നും ഉച്ചയോടെ പാലക്കാട് സര്‍വീസുകള്‍ പുനരാരംഭിക്കുമെന്നും കെഎസ്ആര്‍ടിസി അറിയിച്ചു. സംസ്ഥാനത്താകെ കെഎസ്ആര്‍ടിസി 200 കോടി രൂപയാണ് ഡീസലിനായി നല്‍കാനുണ്ട്. ഇന്ധനക്ഷാമം പരിഹരിക്കാന്‍ 50 കോടി രൂപ ഗതാഗതവകുപ്പ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Related Tags :
Similar Posts