മനുഷ്യനിര്‍മിത ദുരന്തം; ഡാം മാനേജ്‍മെന്റിൽ വീഴ്ച വരുത്തിയവരെ പ്രോസിക്യൂട്ട് ചെയ്യണം: വി.ഡി സതീശന്‍
|ഡാം തുറക്കാന്‍ 20 ദിവസം കാത്തുനിന്നു. ഒരു ഉദ്യോഗസ്ഥനും പറഞ്ഞല്ല മത്സ്യതൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയതെന്നും വി ഡി സതീശന്‍
മനുഷ്യനിര്‍മിത ദുരന്തമാണ് കേരളത്തിലുണ്ടായതെന്ന ആരോപണം പ്രതിപക്ഷം നിയമസഭയിലും ആവര്‍ത്തിച്ചു. ഡാം മാനേജ്‍മെന്റിൽ വലിയ വീഴ്ച ഉണ്ടായിട്ടുണ്ടെന്നും ഉത്തരവാദികളെ പ്രോസിക്യൂട്ട് ചെയ്യണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. ഡാം തുറക്കാന്‍ 20 ദിവസം കാത്തുനിന്നു. വേലിയിറക്കമുള്ളപ്പോൾ വെള്ളം തുറന്നു വിടണമെന്ന പാഠം പോലും അറിയാത്തവര്‍. കെടുകാര്യസ്ഥതയുടെയും കുറ്റകരമായ അനാസ്ഥയുടെയും ഫലമാണ് ഈ ദുരന്തമെന്നും വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.
ആദ്യ ദിവസം ഒരു രക്ഷാപ്രവർത്തനവും നടന്നില്ല. ഒരു ഉദ്യോഗസ്ഥനും പറഞ്ഞല്ല മത്സ്യതൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്. മത്സ്യതൊഴിലാളികളും ജനങ്ങളും നടത്തിയ രക്ഷാപ്രവർത്തനത്തിന്റെ പേരിൽ ആരും അഭിമാനിക്കേണ്ട. മരിച്ചവരെ കൊണ്ടുപോകാൻ ആംബുലൻസ് പോലും ഉണ്ടായില്ലെന്നും വി.ഡി സതീശന്‍ വിമര്‍ശിച്ചു.
പ്രളയത്തിന് ഉത്തരവാദി സർക്കാരാണെന്നും സർക്കാർ മാപ്പ് പറയണമെന്നും കെ എം മാണി ആവശ്യപ്പെട്ടു. തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി ജെ ജോസഫ്, പി കെ ബഷീർ തുടങ്ങി സമ്മേളനത്തിൽ സംസാരിച്ച പ്രതിപക്ഷ എംഎൽഎമാരെല്ലാം പ്രളയം കൈകാര്യം ചെയ്തതിലെ വീഴ്ചകൾ തുറന്നുകാട്ടി.