മത്സ്യതൊഴിലാളികളെ ആദരിക്കല്‍; സ്വജനപക്ഷപാതം നടന്നതായി കോണ്‍ഗ്രസ്
|തിരുവനന്തപുരത്തെ ആദരിക്കല്‍ ചടങ്ങിലേക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കത്തുമായെത്തിയ കോഴിക്കോട് നിന്നുള്ള 47 പേരെ പരിഗണിച്ചിരുന്നില്ല
പ്രളയ സമയത്ത് രക്ഷാ പ്രവര്‍ത്തനത്തില്‍ ഭാഗമായ മത്സ്യതൊഴിലാളികളില്‍ ചിലരെ സര്‍ക്കാര്‍ ആദരിക്കല്‍ ചടങ്ങില്‍ അപമാനിച്ചതായുള്ള വിവാദത്തെ രാഷ്ട്രീയ ആയുധമാക്കി കോണ്‍ഗ്രസ്. തിരുവനന്തപുരത്തെ ആദരിക്കല്‍ ചടങ്ങിലേക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കത്തുമായെത്തിയ കോഴിക്കോട് നിന്നുള്ള 47 പേരെ പരിഗണിച്ചിരുന്നില്ല. ഇവര്‍ക്ക് കോഴിക്കോട് പ്രത്യേക സ്വീകരണം നാളെ കോണ്‍ഗ്രസ് ഒരുക്കും.
പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട കൊയിലാണ്ടി, പയ്യോളി മുനിസിപ്പാലിറ്റികളില്‍ നിന്നുള്ള മത്സ്യ തൊഴിലാളികള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ കത്തുമായി തിരുവനന്തപുരത്ത് സര്‍ക്കാര്‍ സംഘടിപ്പിച്ച ആദരിക്കല്‍ ചടങ്ങിന് പോയിരുന്നു. എന്നാല്‍ ഇവരുടെ പേര് ആദരിക്കുന്നവരുടെ ലിസ്റ്റില്‍ ഇല്ലെന്നും കാണികളായി ഇരിക്കാമെന്ന് അധികൃതര്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് മത്സ്യ തൊഴിലാളികള്‍ മടങ്ങുകയായിരുന്നു. ഇത് മത്സ്യതൊഴിലാളികളെ സര്‍ക്കാര്‍ വിളിച്ചു വരുത്തിയ ശേഷം അപമാനിക്കുകയായിരുവെന്നാണ് കോണ്‍ഗ്രസ് പ്രചരണം.
ഈ സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ നിന്ന് രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്ത മുഴുവന്‍ മത്സ്യ തൊഴിലാളികളേയും ആദരിക്കാനാണ് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ തീരുമാനം.നാളെ സംഘടിപ്പിക്കുന്ന ചടങ്ങ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഗുലാംനബി ആസാദ് ഉദ്ഘാടനം ചെയ്യും. മത്സ്യതൊഴിലാളികളില്‍ ഭൂരിഭാഗം പേരും സ്വന്തം പണം മുടക്കിയായിരുന്നു തിരുവനന്തപുരത്ത് എത്തിയിരുന്നത്. ഈ സാഹചര്യത്തില്‍ മത്സ്യതൊഴിലാളികളെ ആദരിക്കുന്ന കാര്യത്തില്‍ സ്വജനപക്ഷാപാതം സര്‍ക്കാര്‍ കാട്ടിയെന്നാണ് കോണ്‍ഗ്രസിന്റെ കുറ്റപെടുത്തല്‍.