പ്രളയം മനുഷ്യനിര്‍മ്മിതമോ: കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും
|കോടതി സ്വമേധായ കേസെടുത്തത് ഡാം തുറന്നതില്‍ വീഴ്ചയുണ്ടെന്ന് ചൂണ്ടിക്കാട്ടി ചാലക്കുടി സ്വദേശി നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍.. പ്രളയത്തിന് കാരണം ഉദ്യോഗസ്ഥരുടെ വീഴ്ചയെന്ന് ആരോപണം
ഡാമുകൾ തുറന്ന് വിട്ടത് മൂലമുണ്ടായ പ്രളയത്തില്‍ സ്വമേധയ കേസ്സെടുത്ത് ഹൈക്കോടതി. പ്രളയം മനുഷ്യനിർമിതമാണന്ന് ചൂണ്ടികാട്ടി ഹൈക്കോടതിക്ക് ലഭിച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേസ് ഇന്ന് പരിഗണിക്കും.
ഡാം തുറന്നതിൽ വീഴ്ച ഉണ്ടായെന്ന് ചൂണ്ടിക്കാട്ടി ചാലക്കുടി സ്വദേശി എന്‍ ആര്‍ ജോസഫിന്റെ കത്തിന്‍മേലാണ് ഹൈക്കോടതി സ്വമേധയ കേസ്സെടുത്തത്. ഡാം കൃത്യസമയത്ത് തുറന്ന് വിടാത്തത് കൊണ്ടാണ് പ്രളയം ഉണ്ടായതെന്നാണ് കത്തിലെ പരാമര്‍ശം. ഉദ്യോഗസ്ഥരുടെ വീഴ്ച മൂലമാണ് 400 പേര്‍ മരിച്ചതെന്നും 20,000 കോടിയുടെ നാശം ഉണ്ടായതെന്നും കത്തിൽ വിശദീകരിക്കുന്നു.
മനുഷ്യനിർമിതമായ ദുരന്തമാണ് കഴിഞ്ഞു പോയത്. കൃത്യസമയത്ത് മന്ത്രിയുടേയും ഉദ്യോഗസ്ഥരുടേയും ഇടപെടലുണ്ടായിരുന്നെങ്കിൽ ഇത്തരമൊരു ദുരന്തം സംഭവിക്കില്ലായിരുന്നു. ഈ സാഹചര്യത്തിൽ വീഴ്ച വരുത്തിയ മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കുമെതിരെ നിയമ നപടികളുണ്ടാവണം. ഇത്തരം നടപടികള്‍ ഉണ്ടായാല്‍ മാത്രമേ ഉത്തരവാദിത്തപ്പെട്ട പദവികളില്‍ ഇരിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തുകയുള്ളു. നിയമനടപടികളോടുള്ള ഭയം ഇത്തരം ദുരന്തങ്ങള്‍ ഇല്ലാതാക്കും.
ദുരന്തത്തിന് കാരണക്കാരായ സർക്കാറിനെ നഷ്ടപരിഹാരം തീരുമാനിക്കാൻ ചുമതലയേൽപ്പിക്കുന്നത് ഫലപ്രദമാകില്ല. കോടതിയുടെ നിരീക്ഷണത്തിലുള്ള സംവിധാനമാണ് ഇതിന് വേണ്ടത്.
ജൂണിലും ജൂലൈയിലും ആഗസ്റ്റ് ആദ്യ വാരവും പെയ്ത മഴവെള്ളം ഒഴിവാക്കാതെ ഡാമുകളില്‍ സൂക്ഷിച്ചതാണ് പ്രളയത്തിന് കാരണമായതെന്നും കത്തിൽ പറയുന്നു.