കോഴിക്കോട് ജില്ലയില്‍ എലിപ്പനി പടരുന്നു: മരണം അഞ്ച്, 30 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
|ജില്ലയില്‍ കനത്ത ജാഗ്രതാനിര്‍ദേശം; കണ്‍ട്രോള്‍ റൂം തുറന്നു; പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് താത്കാലിക ആശുപത്രികള്‍ തുടങ്ങാന്‍ തീരുമാനം
കോഴിക്കോട് ജില്ലയില്‍ എലിപ്പനി പടരുന്നു. ജില്ലയില്‍ കനത്ത ജാഗ്രതാ നിര്‍ദേശം. ആഗസ്റ്റ് എട്ടിന് ശേഷം എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. 30 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തനമാരംഭിച്ചു. പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കുന്നതിനായി പഞ്ചായത്തുകളില്‍ താത്ക്കാലിക ആശുപത്രികള്‍ പ്രവര്‍ത്തനമാരംഭിക്കും.
30 എലിപ്പനി കേസുകളാണ് ഈ മഴക്കാലത്തിന് ശേഷം മാത്രം കോഴിക്കോട് ജില്ലയില്‍ സ്ഥിരീകരിച്ചത്. അഞ്ച് പേര്‍ മരിക്കുകയും ചെയ്തു. എലിപ്പനി രോഗലക്ഷണങ്ങളോടെ 76 പേര്‍ ചികിത്സ തേടി. ഇതിന്റെ അടിസ്ഥാനത്തിലാണ് ജാഗ്രതാ നിര്‍ദ്ദേശം. നാളെ രാവിലെ 9 മണി മുതല്‍ 12 മണിവരെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സി സൈക്കിളിന്‍ വിതരണം ചെയ്യും.
പകര്‍ച്ചവ്യാധി നിയന്ത്രണത്തിന്റെ ഭാഗമായി ജില്ലയില്‍ 16 താത്കാലിക ആശുപത്രികള്‍ പ്രവര്‍ത്തനമാരംഭിക്കും. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ആശുപത്രിക്കായി സംവിധാനമൊരുക്കുന്നത്. പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ കുറഞ്ഞതും പകര്‍ച്ചവ്യാധികള്‍ കൂടുതലുള്ളതുമായ പ്രദേശങ്ങളിലാണ് ആശുപത്രികള്‍.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. പകര്‍ച്ചവ്യാധികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാനാണ് നിര്‍ദ്ദേശം. 0495 2376100, 0495 2376063 എന്നിവയാണ് കണ്‍ട്രോള്‍ റൂം നമ്പറുകള്‍