കോഴിക്കോട്ടെ ക്വാറികള്‍ തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തിക്കും
|മഴയുടെയും ഉരുള്‍പൊട്ടലിന്റെയും പശ്ചാത്തലത്തില്‍ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു.
കോഴിക്കോട് ജില്ലയിലെ ക്വാറികള്‍ക്ക് വീണ്ടും പ്രവര്‍ത്തനാനുമതി. മഴയെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തി വെച്ച അംഗീകാരമുള്ള ക്വാറികള്‍ക്കാണ് അനുമതി നല്‍കിയത്. നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു.
കോഴിക്കോട് ജില്ലാകലക്ടര്‍ അദ്ധ്യക്ഷനായ ജില്ലാവികസന സമിതി യോഗത്തിലാണ് തീരുമാനം. മന്ത്രി ടിപി രാമകൃഷ്ണനും ജില്ലയിലെ ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. മഴക്കെടുതിയില്‍ തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപണികള്‍ക്കായി അസംസ്‌കൃത വസ്തുക്കള്‍ ലഭിക്കുന്നില്ലെന്ന് യോഗത്തില്‍ പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ ചൂണ്ടികാട്ടി. ഈ സാഹചര്യത്തില്‍ നിര്‍മ്മാണ മേഖലയിലെ നിലവിലെ പ്രതിസന്ധി പരിഹരിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു.
തകര്‍ന്ന വീടുകളുടെയും കെട്ടിടങ്ങളുടെയും പുനര്‍നിര്‍മ്മാണത്തിനും ആവശ്യമായ സാധനങ്ങള്‍ ലഭിക്കുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പറഞ്ഞു. തീരുമാന പ്രകാരം അംഗീകാരമുള്ള എല്ലാ ക്വാറികള്‍ക്കും തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനം തുടരാം. കനത്ത പ്രളയത്തെ തുടര്‍ന്ന് പരിസ്ഥിതി സംരക്ഷണവും പരിസ്ഥിതി ചൂഷണവും വലിയ വാര്‍ത്തയാകുന്ന സാഹചര്യത്തിലാണ് ക്വാറികള്‍ക്ക് വീണ്ടും പ്രവര്‍ത്തനാനുമതി നല്‍കുന്നത്.