പമ്പയില്‍ സൈന്യത്തിന്റെ ‘പാലംവലി’: ബെയ്‍ലി പാലം നിര്‍മിക്കാന്‍ സൈന്യമെത്തില്ല
|ശബരിമല തീര്‍ത്ഥാടകരുടെ കാര്യത്തില്‍ പ്രത്യേക താല്‍പര്യം എടുക്കുമെന്ന് കരുതിയ കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അനുകൂല നിലപാട് സ്വീകരിച്ചില്ലെന്നും ദേവസ്വം പ്രസിഡന്റ്
പ്രളയം തകര്‍ത്ത പമ്പയില്‍ ബെയ്‍ലി പാലം നിര്‍മിച്ച് നല്‍കാമെന്ന് വാഗ്ദാനം നല്‍കിയ സൈന്യം 'പാലംവലിച്ചെന്ന്' തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. രണ്ട് പാലങ്ങള്‍ നിര്‍മിച്ച് നല്‍കാം എന്ന് ഉറപ്പ് നല്‍കിയ സൈന്യത്തിന്റെ ഭാഗത്ത് നിന്ന് പിന്നീട് പ്രതികരണം ഉണ്ടായില്ലെന്നും ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അനുകൂലമായ ഇടപെടല്‍ നടന്നില്ലെന്നും ദേവസ്വം പ്രസിഡന്റ് എ പത്മകുമാര്‍ മീഡിയവണിനോട് പറഞ്ഞു.
പ്രളയത്തെ തുടര്‍ന്ന് പമ്പ മണപ്പുറത്തെ സര്‍വതും നശിക്കുകയും പമ്പ ഗണപതി ക്ഷേത്രത്തിലേക്കും അതുവഴി സന്നിധാനത്തേക്കുമുള്ള പ്രവേശനം അസാധ്യമായതോടെയാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും സര്‍ക്കാരും സൈന്യത്തിന്റെ സഹായം തേടിയത്. കഴിഞ്ഞ 24 ന് പന്പയില്‍ ദേവസ്വം വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന ഉന്നതതല യോഗത്തില്‍ സൈന്യത്തിന്റെ പ്രതിനിധികള്‍ പങ്കെടുക്കുകയും രണ്ട് ബെയ്‍ലി പാലങ്ങള്‍ നിര്‍മിച്ച് നല്‍കാം എന്ന വാഗ്ദാനം നല്‍കുകയും ചെയ്തിരുന്നു.
മദ്രാസ് റെജിമെന്‍ഡിലെ എന്‍ജിനീയറിങ് വിഭാഗത്തിനായിരുന്നു ചുമതല. എന്നാല്‍ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കാനായി എത്താമെന്ന് പറഞ്ഞ രണ്ട് ദിവസങ്ങളിലും സൈനിക മേധാവികള്‍ എത്തിയില്ല. ദേവസ്വം സെക്രട്ടറിയും സംസ്ഥാന ചീഫ് സെക്രട്ടറിയും ഇടപെട്ടെങ്കിലും പ്രതികരണം ഉണ്ടായില്ലെന്ന് ദേവസ്വം പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞു.
പുതിയ സാഹചര്യത്തില്‍ ദേവസ്വം സ്വന്തം നിലയില്‍ ബദല്‍ മാര്‍ഗം ഒരുക്കാനാണ് തീരുമാനം. ശബരിമല തീര്‍ത്ഥാടകരുടെ കാര്യത്തില്‍ പ്രത്യേക താല്‍പര്യം എടുക്കുമെന്ന് കരുതിയ കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അനുകൂല നിലപാട് സ്വീകരിച്ചില്ലെന്നും എ പത്മകുമാര്‍ ആരോപിച്ചു
പമ്പ മണപ്പുറത്ത് പുതിയ പാലം നിര്‍മിക്കും: നിര്‍മാണ ചെലവ് ദേവസ്വം വഹിക്കും
അതിനിടെ പ്രളയത്തില്‍ തകര്‍ന്ന ശബരിമല പമ്പ മണപ്പുറത്തിന്റെ പുനര്‍ നിര്‍മാണത്തിന് നടപടി തുടങ്ങി. ടാറ്റ പ്രോജക്ട്സ് ലിമിറ്റഡിനാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍മാണ ചുമതല നല്‍കിയിരിക്കുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ മുഴുവന്‍ ചെലവും തിരുവിതാംകൂര്‍ ദേവസ്വം വഹിക്കും.
അടുത്ത നൂറ് വര്‍ഷത്തേക്കുള്ള ആവശ്യങ്ങള്‍ പരിഗണിച്ചും വെള്ളപ്പൊക്കത്തെ അതിജീവിക്കുന്നതുമായ നിര്‍മാണ പ്രവര്‍ത്തനങ്ങളായിരിക്കും പമ്പയില്‍ നടക്കുക. നിലവില്‍ നൂറ് കോടിയുടെ നാശനഷ്ടമാണ് മണപ്പുറത്ത് ഉണ്ടായിരിക്കുന്നത്. പമ്പ ഹില്‍ടോപ്പിലെ വാഹന പാര്‍ക്കിംഗ് സ്ഥലത്ത് നിന്ന് പമ്പ നദിക്ക് കുറുകെ പാലം നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്. 25 കോടിരൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്.
നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ചെലവ് ദേവസ്വം ബോര്‍ഡ് വഹിക്കും. വിശ്വാസികളില്‍ നിന്ന് ധനസമാഹരണം നടത്തുന്നതിനും ദേവസ്വം ബോര്‍ഡ് പദ്ധതിയിടുന്നുണ്ട്. നിര്‍മാണ ചുമതല വഹിക്കുന്ന ടാറ്റ പ്രോജക്ട്സ് ലിമിറ്റഡ് പ്രതിനിധികള്‍ കഴിഞ്ഞ ദിവസം പമ്പയില്‍ എത്തുകയും ദേവസ്വം അധികൃതരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. പമ്പ മണപ്പുറത്ത് സ്ഥായിയായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കേണ്ടെന്നാണ് ദേവസ്വത്തിന്റെ തീരുമാനം. അടുത്ത മണ്ഡല മകര വിളക്ക് സീസണിന് മുമ്പ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.