പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ് ടൂറിസം മേഖല: ജീവനോപാധി നഷ്ടപ്പെട്ട് അനേകം പേര്‍
|ഹൌസ് ബോട്ടുകളിലെയും റിസോര്‍ട്ടുകളിലെയും താമസവും ആഘോഷവുമൊക്കെ ഇല്ലാതായത് നഗരത്തിലെ ബേക്കറികളിലെ ബിസിനസിനെപ്പോലും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
കുട്ടനാട്ടിലും സമീപ പ്രദേശങ്ങളിലുമുണ്ടായ പ്രളയം ആലപ്പുഴയിലെ ടൂറിസം മേഖലയ്ക്ക് ഉണ്ടാക്കിയത് കനത്ത ആഘാതമാണ്. ഹൌസ് ബോട്ട് മേഖലയെ മാത്രമല്ല, ടൂറിസവുമായി ബന്ധപ്പെട്ട മറ്റെല്ലാ മേഖലകളും തൊഴിലുകളും നിലവില്‍ തകര്‍ച്ചയിലാണ്. ആലപ്പുഴയിലെ എല്ലാ വ്യവസായങ്ങളും ടൂറിസവുമായി ബന്ധപ്പെട്ട് കിടക്കുന്നതിനാല്‍ ഇതു മൂലമുള്ള നഷ്ടം കണക്കാക്കിയെടുക്കലും ഏറെ സങ്കീര്‍ണമാണ്.
ഓണം, ബക്രീദ് സീസണും ഇത്തവണത്തെ നെഹ്റു ട്രോഫി വള്ളം കളിയും ബോട്ട് റേസ് ലീഗുമെല്ലാം വെള്ളപ്പൊക്കത്തില്‍ മുങ്ങിപ്പോയത് ടൂറിസം മേഖലയ്ക്ക് താങ്ങാന്‍ കഴിയാത്ത പ്രഹരമായി. ഇടതടവില്ലാതെ ഓടേണ്ട ഹൌസ് ബോട്ടുകളുടെ ബുക്കിംഗുകളെല്ലാം റദ്ദാക്കപ്പെട്ടു. മികച്ചു നില്‍ക്കേണ്ട സീസണില്‍ ഹൌസ് ബോട്ട് മേഖലയില്‍ മാത്രം ചുരുങ്ങിയത് ഒരു ദിവസം ഒന്നരക്കോടി രൂപയുടെ നഷ്ടമാണ് ഈ സ്ഥിതിവിശേഷം മൂലം ഉണ്ടായത്. ഹൌസ് ബോട്ട് ടൂറിസവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ഹോം സ്റ്റേ, ഹോട്ടല്‍, ടാക്സി മേഖലകള്‍ക്കെല്ലാം ഇതുണ്ടാക്കിയ നഷ്ടം വളരെ വലുതാണ്.
കൊച്ചിയെയും ആലപ്പുഴയെയും ബന്ധപ്പെടുത്തി പാക്കേജ് ടൂറിസം യാത്രകള്‍ നടത്തുന്ന ടാക്സി വാഹനങ്ങളുടെ ഉടമകളും ജീവനക്കാരുമൊക്കെ പ്രതിസന്ധിയിലാണ്. ഹൌസ് ബോട്ടുകളിലെയും റിസോര്‍ട്ടുകളിലെയും താമസവും ആഘോഷവുമൊക്കെ ഇല്ലാതായത് നഗരത്തിലെ ബേക്കറികളിലെ ബിസിനസിനെപ്പോലും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
വയനാട്ടിലെ ടൂറിസം മേഖലയില്‍ വ്യാപക നഷ്ടം
കാലവര്‍ഷക്കെടുതിയില്‍ വയനാട്ടിലെ ടൂറിസം മേഖലയില്‍ വ്യാപക നഷ്ടം. ജില്ലയില്‍ കഴിഞ്ഞ രണ്ട് മാസം കൊണ്ട് 4.61 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍. മഴ മാറിയെങ്കിലും സന്ദര്‍ശകരുടെ എണ്ണം ഇപ്പോഴും നന്നേ കുറവാണ്.
കനത്തമഴ വയനാട് ജില്ലയിലെ ടൂറിസം മേഖലക്ക് വലിയ നഷ്ടങ്ങളാണുണ്ടാക്കിയിരുന്നത്. കഴിഞ്ഞ ജൂലൈ, ആഗസ്ത് മാസത്തെ കണക്ക് പ്രകാരം 4.61 കോടി രൂപയുടെ നഷ്ടമാണ് മേഖലയിലുണ്ടായിരിക്കുന്നത്. ഇത് ഡിറ്റിപിസിക്ക് മാത്രമുണ്ടായ നഷ്ടമാണ്. സ്വകാര്യ മേഖലയിലെ കണക്ക് കൂടി എടുത്താല്‍ നഷ്ടം ഇരട്ടിയിലധികമായിരിക്കും.
കനത്തമഴയില്‍ ജില്ലയിലെ പ്രധാന വിനോദ കേന്ദ്രങ്ങളെല്ലാം തന്നെ വെള്ളത്തിനടിയിലായിരുന്നു. പഴശ്ശി പാര്‍ക്കും, കുറുവ ദ്വീപും ആഴ്ചകളോളം വെള്ളത്തിനടിയിലായി. ബാണാസുര ഡാമില്‍ മാത്രം 44 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. കാരപ്പുഴയില്‍ പത്ത് ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. പൂക്കോട് തടാകത്തില്‍ മഴയില്‍ കുടുങ്ങിപ്പോയ ആനക്കൂട്ടം നിരവധി ഉപകരണങ്ങള്‍ നശിപ്പിച്ചു. വയനാട് ജില്ലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് 13 ബോട്ടുകളാണ് ഡിറ്റിപിസി വിട്ടുനല്‍കിയത്. 11 ബോട്ടുകള്‍ക്ക് കോടുപാടുകള്‍ സംഭവിച്ചു. ഈയിനത്തില്‍ 2 ലക്ഷം രൂപയുടെ നഷ്ടമാണ് ഡിറ്റിപിസിക്കുണ്ടായത്. ലൈഫ് ജാക്കറ്റുകള്‍ നശിച്ച് ഒന്നേമുക്കാല്‍ ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. കാര്‍ഷിക മേഖല കഴിഞ്ഞാല്‍ ടൂറിസം മേഖലയാണ് ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട വരുമാന മേഖല. സന്ദര്‍ശകരുടെ എണ്ണം കുറഞ്ഞതോടെ ടൂറിസം മേഖലയെ ആശ്രയിച്ച് ജീവിക്കുന്നവരും ദുരിതത്തിലായിരിക്കുകയാണ്.
നിലവില്‍ ചെമ്പ്ര മലയിലും, ഇടക്കല്‍ ഗുഹയിലും മാത്രമാണ് സന്ദര്‍ശകര്‍ക്ക് നിയന്ത്രണമുള്ളത്. മറ്റ് കേന്ദ്രങ്ങള്‍ തുറന്നെങ്കിലും സന്ദര്‍ശകരുടെ എണ്ണം നന്നേ കുറവാണ്. രണ്ട് ലക്ഷം രൂപവരെ വരുമാനമുണ്ടായിരുന്ന കേന്ദ്രങ്ങളില്‍ ഇപ്പോള്‍ 5000 രൂപയില്‍ താഴെ മാത്രമാണ് വരുമാനം.