കെഎസ്ആർടിസിയിൽ കൂട്ട പിരിച്ചുവിടൽ: സമര ഭീഷണി മുഴക്കി യൂണിയനുകൾ
|കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ പോകുന്ന കെഎസ്ആർടിസിയിൽ കരാർ ജീവനക്കാർ അധികപ്പറ്റാണെന്നാണ് മാനേജ്മെന്റ് വാദം. മെക്കാനിക്കൽ വിഭാഗത്തിലുള്ളവരെ ഒഴിവാക്കാനാണ് തീരുമാനം.
കെഎസ്ആർടിസിയിലെ കൂട്ട പിരിച്ചു വിടലിനെതിരെ തൊഴിലാളി യൂണിയനുകളുടെ സമരഭീഷണി. മെക്കാനിക്കൽ വിഭാഗത്തിലുള്ളവരെയാണ് സാമ്പത്തിക പ്രതിസന്ധി ഉയര്‍ത്തികാണിച്ച് കെഎസ്ആര്‍ടിസി പിരിച്ചുവിട്ടത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ പോകുന്ന കെഎസ്ആർടിസിയിൽ കരാർ ജീവനക്കാർ അധികപ്പറ്റാണെന്നാണ് മാനേജ്മെന്റ് വാദം. ബസ് ബോഡി നിർമാണം പുറത്ത് ചെയ്യുന്നതിനാൽ മെക്കാനിക്കൽ വിഭാഗത്തിലുള്ളവരെ ഒഴിവാക്കാനാണ് തീരുമാനം. പടി പടിയായി ജീവനക്കാരെ കുറക്കുന്നതിന്റെ ഭാഗമാണ് നടപടി. നേരത്തെയും ഇത്തരത്തിൽ കൂട്ട പിരിച്ചു വിടൽ ഉണ്ടായിട്ടുണ്ട്. എന്നാൽ മാനേജ്മെന്റിനെതിരെ ട്രേഡ് യൂണിയനുകൾ സമരഭീഷണിയിലാണ്. മാനേജ്മെന്റിനെ നിയന്ത്രിക്കാൻ സർക്കാർ സന്നദ്ധമാവണമെന്നാണ് ഇവരുടെ നിലപാട്.
ഇപ്പോൾ പിരിച്ചുവിടുന്നവർ യൂണിറ്റുകളിലാണ് പ്രവർത്തിക്കുന്നത്. അവരെ പുനർ വിന്യസിക്കുമെന്ന് പറയുന്ന മാനേജ്മെന്റ് നിലപാട് കാപട്യമെന്നാണ് യൂണിയനുകളുടെ പക്ഷം. വകുപ്പിനോ മന്ത്രിക്കോ കെഎസ്ആർടിസിയിൽ ഇടപെടാൻ കഴിയാത്ത അവസ്ഥയാണ്. പിരിച്ചു വിടലിനെതിരെ സമരം ചെയ്യാനുറച്ചാണ് യുണിയനുകൾ. എന്നാൽ കെഎസ്ആർടിസിയിലെ പരിഷ്കരണങ്ങളുടെ ഭാഗമായി നടപടികളുമായി മുന്നോട്ട് പോകാനാണ് മാനേജ്മെന്റിന്റെ തീരുമാനം.