മണിയാര്‍ ഡാം അപകടാവസ്ഥയില്‍; കോണ്‍ക്രീറ്റ് പാളി അടര്‍ന്ന് ഒഴുകിപ്പോയി
|പമ്പ ജലസേചന പദ്ധതിയുടെ ഭാഗമായ പത്തനംതിട്ടയിലെ മണിയാര്‍ ഡാം അപകടാവസ്ഥയില്‍. പ്രളയത്തില്‍ ഡാം കവിഞ്ഞൊഴുകിയപ്പോള്‍ രണ്ടാമത്തെ ഷട്ടറിന് കീഴിലെ കോണ്‍ക്രീറ്റ് പാളി അടര്‍ന്ന് മാറി. കല്കെട്ടിനിടയിലൂടെയും പാര്‍ശ്വങ്ങളിലൂടെയും വലിയ തോതില്‍ വെള്ളം ഒഴുകിപ്പോകുന്നുണ്ട്. കേടുപാടുകൾ ഉടന്‍ പരിഹരിച്ചില്ലെങ്കിൽ വൻ ദുരന്തം ഉണ്ടാകുമെന്നാണ് ഇറിഗേഷൻ വകുപ്പിന്റെ നിഗമനം.
പ്രളയത്തില്‍ മണിയാര്‍ ഡാം കവിഞ്ഞ് വെള്ളമൊഴുകുന്ന സ്ഥിതിയായിരുന്നു. അഞ്ച് ഷട്ടറുകളില്‍ നാലും പൂര്‍ണമായി തുറന്നെങ്കിലും രണ്ടാമത്തെ ഷട്ടര്‍ ഉയര്‍ത്താന്‍ സാധിച്ചില്ല. ഇതിനെ തുടര്‍ന്ന് ഷട്ടറിന് മുകളിലൂടെ വെള്ളം കുത്തിയൊഴുകിയതാണ് കോണ്‍ക്രീറ്റ് പാളി അടര്‍ന്നുമാറാന്‍ കാരണം. ഗുരുതര സാഹചര്യം ശ്രദ്ധയില്‍ പെടുത്തിയിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന് ആരോപണമുണ്ട്.
അടച്ച നിലയിലെങ്കിലും ഒന്നാമത്തെ ഷട്ടറിനിടയിലൂടെ വെളളം ശക്തമായി പുറത്തേക്ക് ഒഴുകുന്നുണ്ട്. ഇവിടെയും കോണ്‍ക്രീറ്റ് അടര്‍ന്നു മാറിയിട്ടുണ്ട്. കനാലിന്റെ സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗം പൂര്‍ണമായും ഇല്ലാതാവുകയും ഗര്‍ത്തം രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതിന് മുകളിലായി ഡാമിന്റെ പാര്‍ശ്വ ഭിത്തിയില്‍ നിന്നും വെള്ളം താഴേക്ക് ഒലിച്ചിറങ്ങുന്ന സ്ഥിതിയാണ്. ഡാമിന് ഉടനടി പരിഹരിക്കേണ്ട തകരാറുണ്ടെങ്കിലും സ്ഥിതി ഗുരുതരമല്ലെന്ന് സ്ഥലം സന്ദര്‍ശിച്ച ഇറിഗേഷന്‍ വകുപ്പ് ചീഫ് എന്‍ജിനീയര്‍ കെ എച്ച് ഷംസുദ്ദീന് വിലയിരുത്തി. അതേസമയം തകരാർ പരിഹരിച്ചില്ലെങ്കിൽ വൻ ദുരന്തം ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി