സിപിഐയുടെ സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം
|പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ യോഗത്തില്‍ നടക്കും. കെ രാജുവിന്റെ വിദേശയാത്രാവിവാദവും, ചീഫ് വിപ്പ് സ്ഥാനത്തെകുറിച്ചുള്ള ചര്‍ച്ചകളും യോഗം ചര്‍ച്ചചെയ്യും
സിപിഐയുടെ സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. എക്സിക്യൂട്ടീവ് യോഗവും തുടര്‍ന്നുള്ള രണ്ട് ദിവസം കൌണ്‍സില്‍ യോഗവുമാണ് ഇന്ന് നടക്കുന്നത്. പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ യോഗത്തില്‍ നടക്കും. കെ രാജുവിന്റെ വിദേശ യാത്ര വിവാദവും,ചീഫ് വിപ്പ് സ്ഥാനത്തെ കുറിച്ചുള്ള ചര്‍ച്ചകളും യോഗത്തില്‍ നടക്കുമെന്നാണ് സൂചന.
ഇ പി ജയരാജനെ വീണ്ടും മന്ത്രിയാക്കിയപ്പോള്‍ സിപിഐക്ക് ലഭിച്ച ചീഫ് വിപ്പ് സ്ഥാനത്തേക്ക് ആരെ കൊണ്ട് വരണമെന്ന കാര്യം ചര്‍ച്ച ചെയ്യാനായിരുന്നു നേതൃയോഗങ്ങള്‍ ചേരാന്‍ നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ സമാനതകളില്ലാത്ത പ്രളയക്കെടുതിയില്‍ സംസ്ഥാനം അകപ്പെട്ടിരിക്കെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും, പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങളുമായിരിക്കും ഇന്നാരംഭിക്കുന്ന യോഗങ്ങളില്‍ പ്രധാനമായും ചര്‍ച്ചക്ക് വരുന്നത്. കേരളത്തിന്റെ പുനര്‍നിര്‍മ്മാണം പരിസ്ഥിതിയെ കൂടി പരിഗണിച്ച് മാത്രമേ നടപ്പാക്കാവൂ എന്നഭിപ്രായം യോഗത്തില്‍ ഉയര്‍ന്ന് വന്നേക്കും. മൂന്നാര്‍ അടക്കമുള്ള മേഖലകളിലെ അനധികൃത നിര്‍മ്മാണത്തിനും, കൈയ്യേറ്റത്തിനുമെതിരെ ശക്തമായ നടപടി വേണമെന്നാവശ്യവും ഉയര്‍ന്ന് വരാന്‍ സാധ്യതയുണ്ട്.
പുനര്‍നിര്‍മ്മാണത്തിന് വേണ്ടിയുള്ള ധനസമാഹരണത്തിന് നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതിനിടയില്‍ ചീഫ് വിപ്പ് സ്ഥാനം ഏറ്റെടുക്കണമോ എന്ന സംശയം പാര്‍ട്ടിക്കുള്ളില്‍ നിലനില്‍ക്കുന്നുണ്ട്. ക്യാബിനറ്റ് റാങ്കോടെയുള്ള പദവി ഏറ്റെടുക്കുമ്പോള്‍ സര്‍ക്കാരിനുണ്ടാകുന്ന ചെലവ് ചൂണ്ടിക്കാട്ടി വിമര്‍ശനം ഉയര്‍ന്ന് വരാന്‍ സാധ്യതയുണ്ടെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍. അതുകൊണ്ട് ഈ നേതൃയോഗത്തില്‍ ചീഫ് വിപ്പ് പദവിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് സൂചന. പ്രളയക്കെടുതിക്കിടെ ജര്‍മ്മന്‍ യാത്ര നടത്തിയ വനം മന്ത്രി കെ രാജുവിനെ പരസ്യമായി ശാസിക്കാന്‍ പാര്‍ട്ടി എക്സിക്യൂട്ടീവ് തീരുമാനിച്ചെങ്കിലും കൌണ്‍സില്‍ യോഗത്തില്‍ രാജുവിനെതിരെ വിമര്‍ശനം ഉയര്‍ന്ന് വരുമെന്നുറപ്പാണ്.