പ്രളയക്കെടുതി; അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലും സ്കൂള്‍ കലോത്സവവും ഒഴിവാക്കി
|പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍. ഒരു വര്‍ഷത്തേക്കാണ് ആഘോഷങ്ങള്‍ ഒഴിവാക്കുന്നത്.
സംസ്ഥാനത്ത് ഒരുവര്‍ഷത്തേക്ക് ആഘോഷങ്ങള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. സ്‌കൂള്‍ കലോല്‍സവവും അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലും ഇക്കൊല്ലമുണ്ടാവില്ല. ഇതിനായി നീക്കിവച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലടക്കണമെന്നും കാണിച്ച് മുഴുവന്‍ വകുപ്പുകള്‍ക്കും പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. എന്നാല്‍ ആഘോഷങ്ങള്‍ ഉപേക്ഷിക്കാന്‍ ഇറക്കിയ ഉത്തരവില്‍ മന്ത്രിമാര്‍ അതൃപ്തി അറിയിച്ചു.
ഉത്തരവനുസരിച്ച് സര്‍ക്കാര്‍ നേരിട്ടോ സര്‍ക്കാര്‍ ഫണ്ടുപയോഗിച്ചോ നടത്തുന്ന ആഘോഷങ്ങള്‍ ഇക്കൊല്ലമുണ്ടാവില്ല. സകൂള്‍ കലോല്‍സവം, സര്‍വകലാശാല യുവജനോല്‍സവം, ഫിലിം ഫെസ്റ്റിവല്‍ അടക്കം ഇക്കൊല്ലം നടക്കില്ല. മുഴുവന്‍ വകുപ്പുകളും ഒരു വര്‍ഷത്തേക്ക് ആഘോഷങ്ങള്‍ നടത്തരുതെന്നും ഉത്തരവില്‍ പറയുന്നു. എന്നാല്‍ പെട്ടെന്നിറങ്ങിയ ഉത്തരവിനെതിരെ മന്ത്രിമാര്‍ അതൃപ്തി അറിയിച്ചു.
അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ നടത്തിപ്പിനായി സാംസ്‌കാരിക മന്ത്രി എകെ ബാലന്‍ ഇന്ന് യോഗം വിളി ച്ചിരുന്നു. ഇതിനിടയിലാണ് പൊതുഭരണ വകുപ്പിന്റെ ഉത്തരവിറങ്ങുന്നത്. മാധ്യമങ്ങളിലൂടെയാണ് മന്ത്രിമാര്‍ സര്‍ക്കാര്‍ തീരുമാനം അറിയുന്നത്. തീരുമാനത്തിന്റെ വിശദീകരണം ആവശ്യപ്പെട്ട് മന്ത്രി എകെ ബാലന്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി. ഉത്തരവില്‍ നിരാശ അറിയിച്ച് ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ കമലും രംഗത്തു വന്നു.
ഇതിന് പുറമേ സ്‌കൂള്‍ കലോല്‍സവം ആര്‍ഭാടം ഒഴിവാക്കി നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് അനുമതി തേടി. കുട്ടികളെ ദേശീയ കായിക മേളയില്‍ പങ്കെടുപ്പിക്കണമെങ്കില്‍ സംസ്ഥാന കായിമേള നടത്തണം. അതിനാല്‍ ഉത്തരവിലെ അവ്യക്തത നീക്കണമെന്നും വിദ്യാഭ്യാസ മന്ത്രി തന്നെ പൊതു ഭരണ വകുപ്പിനോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ചികിത്സക്കായി അമേരിക്കക്ക് പുറപ്പെടുന്നതിന് മുന്‍പ് നല്‍കിയ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ ഉത്തരവിറക്കിയതെന്നാണ് പൊതുഭരണ വകുപ്പിന്റെ വിശദീകരണം.