Kerala
ഇന്ധന ക്ഷാമം രൂക്ഷം; കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടങ്ങുന്നു
Kerala

ഇന്ധന ക്ഷാമം രൂക്ഷം; കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടങ്ങുന്നു

Web Desk
|
5 Sep 2018 2:43 AM GMT

സ്വകാര്യ പെട്രോള്‍ പമ്പുകളില്‍ കുടിശിക അടയ്ക്കാത്തതിനെ തുടര്‍ന്ന് ഡീസല്‍ നല്‍കുന്നത് കഴിഞ്ഞ ദിവസം നിര്‍ത്തിയിരുന്നു.

ഇന്ധനക്ഷാമം രൂക്ഷമായതിനെതുടര്‍ന്ന് ഹൈറേഞ്ചിലെ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ വന്‍പ്രതിസന്ധിയില്‍. ഇടുക്കി ജില്ലയില്‍ 45ശതമാനം സര്‍വീസുകള്‍ മുടങ്ങി. ദീര്‍ഘദൂര സര്‍വീസുകളും ഹൈറേഞ്ചിലേക്കുള്ള ചെയിന്‍ സവര്‍വീസുകളും റദ്ദായതോടെ ഇടുക്കി ജില്ലയിലെ യാത്രക്കാര്‍ വലിയ ദുരിതത്തിലാണ്.

പ്രളയത്തിനും ഉരുള്‍പൊട്ടലിനും ശേഷം തകര്‍ന്ന റോഡുകള്‍ പലതും തുറന്നുകിട്ടിയിട്ടും ഇടുക്കി ജില്ലക്കാര്‍ക്ക് മറ്റ് പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യാന്‍ മതിയായ കെഎസ്ആര്‍ടിസി ബസുകള്‍ ഇല്ല. ജില്ലയിലെ മുഴുവന്‍ കെഎസ്ആര്‍ടിസി ഡിപ്പോകളിലും ഇന്ധനക്ഷാമം അതിരൂക്ഷമായതിനെതുടര്‍ന്നാണ് പല സര്‍വീസുകളും വെട്ടിച്ചുരുക്കുന്നത്. ഇതില്‍ മലയോരമേഖലകളിലേക്ക് ഉള്ള ചെയിന്‍ സര്‍വീസുകളും ദീര്‍ഘദൂര ബസുകളും ഉള്‍പെടും.

മൂലമറ്റം, മൂന്നാര്‍ ഡിപ്പോകളില്‍ 12 സര്‍വീസുകള്‍ മുടങ്ങി. കുമളി ഡിപ്പോയില്‍ അഞ്ച് സര്‍വീസുകളും നെടുങ്കണ്ടത്ത് നിന്ന് സര്‍വീസ് നടത്തുന്ന 17 ബസുകളില്‍ ഏഴും സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്.

തൊടപുഴയില്‍ നിന്ന് എറണാകുളം, കൂത്താട്ടുകുളം, വൈക്കം എന്നീ പ്രദേശങ്ങളിലേക്ക് പോയ ബസുകള്‍ പലതും തിരികെ മടങ്ങാത്ത അവസ്ഥയിലാണ്. കട്ടപ്പനയില്‍നിന്ന് പാലക്കാട്ടേക്ക് സര്‍വീസ് നടത്തുന്ന ബസ് ചാലക്കുടിയില്‍ വച്ച് സര്‍വീസ് നിര്‍ത്തി. സ്വകാര്യ പെട്രോള്‍ പമ്പുകളില്‍ കുടിശിക അടയ്ക്കാത്തതിനെ തുടര്‍ന്ന് ഡീസല്‍ നല്‍കുന്നത് കഴിഞ്ഞ ദിവസം നിര്‍ത്തിയിരുന്നു.

Related Tags :
Similar Posts