പി.കെ ശശിക്കെതിരായ ലൈംഗികപീഡന പരാതി: സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയത് യെച്ചൂരിയുടെ കര്‍ശന നിലപാട്
|തനിക്ക് പരാതി ലഭിച്ചെന്ന് ജനറൽ സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞതോടെ ജില്ലാ-സംസ്ഥാന നേതാക്കൾ പ്രതിരോധത്തിലായി. പിന്നീട് പരാതി ലഭിച്ചെന്ന് കോടിയേരിയും സമ്മതിച്ചു
ലൈംഗിക പീഡന പരാതി ലഭിച്ചിട്ടും പി കെ ശശി എം.എൽ.എയെ സംരക്ഷിക്കുന്ന നിലപാടാണ് സി.പി.എം സ്വീകരിച്ചത്. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പരാതി ലഭിച്ചതായി സ്ഥിരീകരിച്ചതോടെയാണ് ജില്ലാ സംസ്ഥാന നേതൃത്വം പ്രതിരോധത്തിലായത്. പരാതി ഒതുക്കി തീർക്കാൻ പല തവണ ശ്രമവും നടന്നു.
മണ്ണാർക്കാട് ഏരിയാ കമ്മറ്റി ഓഫീസിൽ വെച്ചാണ് പി.കെ ശശി ഡി.വൈ.എഫ്.ഐ വനിതാ നേതാവിനെ പീഡിപ്പിക്കാൻ ശ്രമിച്ചത്. പാലക്കാട് ജില്ലാ സെക്രട്ടറി സി.കെ രാജേന്ദ്രൻ, എം.വി ഗോവിന്ദൻ മാസ്റ്റർ, എം.ബി രാജേഷ് എം.ബി, എം.ചന്ദ്രൻ എന്നിവര്‍ക്ക് പരാതി നൽകി. തുടർന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ടിനും പരാതി നൽകി. പരാതിയിൽ യാതെരു നടപടിയും ഉണ്ടായില്ലെന്ന് മാത്രമല്ല പരാതിയെ കുറിച്ച് അറിയില്ലെന്നാണ് ജില്ലാ സെക്രട്ടറിയും, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയും, എ.കെ ബാലനും അടക്കം ഇന്നലെ പറഞ്ഞത്.
എന്നാൽ തനിക്ക് പരാതി ലഭിച്ചെന്ന് ജനറൽ സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞതോടെ ജില്ലാ-സംസ്ഥാന നേതാക്കൾ പ്രതിരോധത്തിലായി. പിന്നീട് പരാതി ലഭിച്ചെന്ന് കോടിയേരിയും സമ്മതിച്ചു.
സംഘടനാതലത്തിലും നിയമപരമായും നടപടി എടുക്കേണ്ടേ നേതൃത്വം പരാതി ഒതുക്കി തീർക്കാനും ശ്രമിച്ചു. പീഡനത്തിന് ഇരയായ വനിതാ നേതാവിന്റെ രക്ഷിതാക്കൾക്ക് ഒരു കോടി രൂപ വാഗ്ദാനം നൽകുകയും ചെയ്തു. പരാതിയിൽ യുവതി ഉറച്ചു നിൽക്കുകയും, സീതാറാം യെച്ചൂരി കർശന നിലപാട് സ്വീകരിക്കുകയും ചെയ്തതാണ് സി.പി.എം നേതൃത്വത്തെ വെട്ടിലാക്കിയത്.