കലോത്സവ നടത്തിപ്പില്‍ വീണ്ടും ആശയക്കുഴപ്പം
|ആഘോഷങ്ങള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനത്തോടൊപ്പമാണ് ജനങ്ങള്‍. കാര്യങ്ങള്‍ മെച്ചപ്പെടുമ്പോള്‍ പുനഃപരിശോധനയുണ്ടാകുമെന്നും മന്ത്രി
സംസ്ഥാന സ്‌കൂള്‍ കലോത്സവ നടത്തിപ്പിന്റെ കാര്യത്തില്‍ വീണ്ടും ആശയക്കുഴപ്പം. ആഘോഷങ്ങള്‍ ഒഴിവാക്കിക്കൊണ്ടുള്ള പൊതുഭരണ വകുപ്പിന്റെ ഉത്തരവ് പുനഃപരിശോധിക്കില്ലെങ്കിലും കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നഷ്ടമാകാത്ത തരത്തില്‍ കലോത്സവ മത്സരങ്ങള്‍ നടത്തുമെന്ന് മന്ത്രി ഇ.പി ജയരാജന്‍. എന്നാല്‍ അത് എങ്ങനെയാകുമെന്ന് വിശദീകരിക്കാന്‍ മന്ത്രി തയ്യാറായില്ല.
പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷവും ആര്‍ഭാടവും ഒഴിവാക്കാനുള്ള ഉത്തരവിന്റെ ഭാഗമായാണ് കലോത്സവവും വേണ്ടെന്നുവച്ചത്. ഇക്കാര്യത്തില്‍ പുനഃപരിശോധനയുണ്ടോ എന്ന ചോദ്യത്തിന് മന്ത്രിയുടെ മറുപടി.
കലോത്സവവും ഫിലിം ഫിസ്റ്റിവലും ഉള്‍പ്പെടെയുള്ളവ ഒഴിവാക്കിയതിനെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശമുയര്‍ന്നിരുന്നു. മന്ത്രിമാരടക്കം ഭിന്നസ്വരമുയര്‍ത്തി. എന്നാല്‍ എല്ലാവരുടെയും അറിവോടെയാണ് ഉത്തരവെന്ന് മന്ത്രി വ്യക്തമാക്കി.
കലോത്സവം ആഘോഷമില്ലാതെ എങ്ങനെ നടത്തണമെന്ന് പൊതുഭരണ വകുപ്പ് ഉത്തരവില്‍ വ്യക്തത വന്ന ശേഷം ആലോചിക്കാം എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്.
സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രശ്‌നങ്ങളുണ്ടെന്ന് കാനം
ആഘോഷ പരിപാടികള്‍ ഒഴിവാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രശ്‌നങ്ങളുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ഇക്കാര്യം സര്‍ക്കാര്‍ പരിശോധിക്കുമെന്നാണ് പ്രതീക്ഷ. വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നഷ്ടമാകുന്ന അവസ്ഥ പരിഗണിക്കണം. ഫിലിം ഫെസ്റ്റിവലിനെയും തീരുമാനം ദോഷകരമായി ബാധിക്കുമെന്നും കാനം പറഞ്ഞു.