Kerala
കെ.എസ്.ഇ.ബിയുടെ പര്‍ച്ചേസ് ഓര്‍ഡറിലെ തുക തിരുത്തി, ബാങ്കില്‍ നിന്ന് വ്യവസായി 1.5 കോടി തട്ടിച്ചതായി പരാതി
Kerala

കെ.എസ്.ഇ.ബിയുടെ പര്‍ച്ചേസ് ഓര്‍ഡറിലെ തുക തിരുത്തി, ബാങ്കില്‍ നിന്ന് വ്യവസായി 1.5 കോടി തട്ടിച്ചതായി പരാതി

Web Desk
|
7 Sep 2018 5:29 AM GMT

ബാങ്കില്‍ വായ്പ അപേക്ഷക്കൊപ്പം പര്‍ച്ചേഴ്സ് ഓര്‍ഡര്‍ ഹാജരാക്കിയതില്‍ തുക തിരുത്തി 3,66,093 രൂപക്ക് പകരം 3,00,66,093 രൂപയാക്കി മാറ്റുകയായിരുന്നു.

കെ.എസ്.ഇ.ബിയുടെ പര്‍ച്ചേസ് ഓര്‍ഡറിലെ തുക തിരുത്തി വ്യവസായി ബാങ്കില്‍ നിന്ന് വന്‍തുക തട്ടിച്ചതായി പരാതി. രാമമംഗലം സ്വദേശിയായ വ്യവസായിക്കെതിരെ സ്വകാര്യ വ്യക്തി നല്‍കിയ പരാതിയില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. 3.66 ലക്ഷം രൂപയുടെ പര്‍ച്ചേഴ്സ് ഓര്‍ഡര്‍ മൂന്നരക്കോടിയാക്കി തിരുത്തി 1.5കോടി രൂപ വായ്പ എടുത്തതായാണ് പരാതി.

രാമമംഗലം ഊരമനയിലെ എം.കെ കേബിള്‍സ് എന്ന സ്ഥാപനത്തിന്റെ ഉടമക്കെതിരെയാണ് പരാതി. 2017 ഒക്ടോബറിലാണ് കെ.എസ്.ഇ.ബി വൈദ്യുത ഉപകരണങ്ങള്‍ നല്‍കാന്‍ എം.കെ കേബിള്‍സിന് പര്‍ച്ചേഴ്സ് ഓര്‍ഡര്‍ നല്‍കിയത്. ഇതുപ്രകാരം 3,66,093 രൂപയുടെ ഉപകരണങ്ങളാണ് നല്‍കേണ്ടിയിരുന്നത്. ഉപകരണങ്ങള്‍ ഉണ്ടാക്കാനുളള മൂലധനത്തിനായി എം.കെ കേബിള്‍സ് ഫെഡറല്‍ ബാങ്കിന്റെ തിരുവാങ്കുളം ശാഖയില്‍ വായ്പക്ക് അപേക്ഷ നല്‍കി. ഇതിലാണ് കൃത്രിമം നടന്നത്.

ബാങ്കില്‍ വായ്പ അപേക്ഷക്കൊപ്പം പര്‍ച്ചേഴ്സ് ഓര്‍ഡര്‍ ഹാജരാക്കിയതില്‍ തുക തിരുത്തി 3,66,093 രൂപക്ക് പകരം 3,00,66,093 രൂപയാക്കി മാറ്റുകയായിരുന്നു. 4.4 കിലോമീറ്റര്‍ വൈദ്യുതി ഉപകരണങ്ങള്‍ വാങ്ങാന്‍ അനുവദിച്ച തുകയാണ് 440 കിലോമീറ്ററാക്കി തിരുത്തി തുകയില്‍ കൃത്രിമം കാണിച്ചത്. ഈ പര്‍ച്ചേഴ്സ് ഓര്‍ഡര്‍ പ്രകാരം ബാങ്ക് എം.കെ കേബിള്‍ ഉടമക്ക് 1.5കോടി രൂപ വായ്പ നല്‍കി.

തിരിമറി ശ്രദ്ധയില്‍പ്പെട്ട ബാങ്ക് അധികൃതര്‍ കെ.എസ്.ഇ.ബിയോട് വിശദാംശങ്ങള്‍ ആവശ്യപ്പെട്ടു. ഇതിനിടെ വായ്പ അനുവദിച്ച ശാഖാ മാനേജര്‍ സ്ഥലം മാറിപ്പോവുകയും ചെയ്തു. നേരത്തെയും ബാങ്കിനെ തെറ്റിദ്ധരിപ്പിച്ച് വായ്പ എടുത്തയാളാണ് എം.കെ കേബിള്‍സ് ഉടമയെന്നും പരാതിയിലുണ്ട്.

Similar Posts