Kerala
ശശിക്കെതിരായ പരാതിയില്‍ കൂടുതല്‍ വിശദീകരണവുമായി സി.പി.എം 
Kerala

ശശിക്കെതിരായ പരാതിയില്‍ കൂടുതല്‍ വിശദീകരണവുമായി സി.പി.എം 

Web Desk
|
7 Sep 2018 8:33 AM GMT

പി.കെ ശശിയെ എ.കെ.ജി സെന്ററില്‍ വിളിച്ചുവരുത്തി വിശദീകരണം കേട്ടു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ശശിയെ വിളിച്ചുവരുത്തിയത്. പരാതി ലഭിച്ച കോടിയേരി പരാതിക്കാരിയുടെ വിശദീകരണവും കേട്ടു

ലൈംഗിക ആരോപണത്തെ തുടര്‍ന്ന് പി.കെ ശശി എം.എല്‍.എയെ വിളിച്ചുവരുത്തിവരുത്തി വിശദീകരണം തേടിയെന്ന് സി.പി.എം. പരാതിക്കാരിയുടെ വിശദീകരണവും കേട്ട ശേഷമാണ് കമ്മീഷനെ നിയോഗിച്ചതെന്നും, അവരുടെ റിപ്പോര്‍ട്ട് കിട്ടിയ ഉചിതമായ നടപടികള്‍ കൈക്കൊള്ളുമെന്നും സംസ്ഥാന കമ്മിറ്റി വിശദീകരിച്ചു. പി.കെ ശശിക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്ന സൂചനയാണ് പാര്‍ട്ടി നേതൃത്വം നല്‍കുന്നത്. പരസ്യപ്രസ്താവകള്‍ നടത്തരുതെന്ന് പി.കെ ശശിയോട് സി.പി.എം ആവശ്യപ്പെട്ടിട്ടുണ്ട്.

യുവതിയുടെ പരാതി കിട്ടിയിട്ട് അത് പൂഴ്ത്തി, കേന്ദ്ര നേതൃത്വം ഇടപെട്ടതിന് ശേഷമാണ് പരാതിയിന്മേല്‍ നടപടി ആരംഭിച്ചത് തുടങ്ങി സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനൊപ്പം പികെ ശശിക്കെതിരെ നടപടിയുണ്ടാകുമെന്ന സൂചനയും നല്‍കുന്നതായിരുന്നു സെക്രട്ടറിയേറ്റിന്റെ വാര്‍ത്താകുറിപ്പ്.

2018 ആഗസ്റ്റ് 14നാണ് യുവതി, സി.പി.എം സംസ്ഥാന കമ്മിറ്റി മുമ്പാകെ പരാതി നല്‍കിയത്. പരാതി ലഭിച്ച ഉടനെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പരാതിക്കാരിയുടെ വിശദീകരണം കേട്ടു. തുടര്‍ന്ന് ആരോപണ വിധേയനായ പി.കെ.ശശിയെ എ.കെ.ജി സെന്ററില്‍ വിളിച്ചുവരുത്തി വിശദീകരണം തേടി. പി.കെ ശ്രീമതി ടീച്ചര്‍, എ.കെ ബാലന്‍ എന്നിവരെ പരാതി അന്വേഷിക്കാന്‍ ആഗസ്റ്റ് 31ന് തന്നെ ചുമതലപ്പെടുത്തിയെന്നും സി.പി.എം വിശദീകരിക്കുന്നുണ്ട്. പരാതിയില്‍ പാര്‍ടിയുടെ ഭരണഘടനയ്ക്കും, അന്തസ്സിനും, സദാചാര മൂല്യങ്ങള്‍ക്കും അനുസൃതമായ തീരുമാനങ്ങളെടുക്കുമെന്ന വ്യക്തമാക്കുന്ന സി.പി.എം പികെ ശശിക്കെതിരെ നടപടിയുണ്ടാകുമെന്ന സൂചനയാണ് നല്‍കുന്നത്.

കമ്മീഷന്‍ നടപടികള്‍ വേഗത്തിലാക്കാന്‍ എ.കെ ബാലനും, പി.കെ ശ്രീമതിക്കും സംസ്ഥാന സെക്രട്ടറിയേറ്റ് നിര്‍ദ്ദേശം നല്‍കി. പരാതിക്കാരിയുടെ മൊഴി വേഗത്തില്‍ രേഖപ്പെടുത്തുമെന്ന് പി.കെ ശ്രീമതിയും പറഞ്ഞു. പരസ്യപ്രസ്താവനകള്‍ നടത്തരുതെന്നും, പ്രകോപനം ഒഴിവാക്കണമെന്നും പാര്‍ട്ടി ശശിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Related Tags :
Similar Posts