Kerala
ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡന പരാതി; പൊലീസ് നിലപാടില്‍ വൈരുദ്ധ്യമേറുന്നു
Kerala

ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡന പരാതി; പൊലീസ് നിലപാടില്‍ വൈരുദ്ധ്യമേറുന്നു

Web Desk
|
8 Sep 2018 7:55 AM GMT

കന്യാസ്ത്രീ ആവര്‍ത്തിച്ചുള്ള പീഡനത്തിനിരയായയെന്നും ബിഷപ്പിനെതിരെ തെളിവുണ്ടെന്നുമാണ് അന്ന് പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്.

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡന പരാതിയില്‍ പൊലീസ് നിലപാടില്‍ വൈരുദ്ധ്യമേറുന്നു. കഴിഞ്ഞ മാസം 13ന് ഹൈക്കോടതിയില്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞതിന് ഘടകവിരുദ്ധമാണ് പൊലീസ് ഇപ്പോള്‍ സ്വീകരിക്കുന്ന നിലപാട്. കന്യാസ്ത്രീ ആവര്‍ത്തിച്ചുള്ള പീഡനത്തിനിരയായയെന്നും ബിഷപ്പിനെതിരെ തെളിവുണ്ടെന്നുമാണ് അന്ന് പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് നല്‍കി ഒരു മാസത്തിനുശേഷം കന്യാസ്ത്രീയുടെ മൊഴിയിലെ പൊരുത്തക്കേടുകള്‍ മാത്രമാണ് പൊലീസ് അന്വേഷിക്കുന്നത്. ഇതിനെതിരെ പ്രതിഷേധവും ശക്തമാകുകയാണ്.

കഴിഞ്ഞ ആഗസ്ത് 13ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനായി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡി.വൈ.എസ്.പി കെ. സുഭാഷ് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ശക്തമായ തെളിവുണ്ടെന്ന് വ്യക്തമാക്കുന്നത്. ജലന്ധര്‍ ബിഷപ്പ് തന്റെ അധികാരം ദുരുപയോഗിച്ച് കന്യാസ്ത്രീയെ ലൈംഗീകമായി പീഡിപ്പിച്ചു. ഇക്കാര്യം വൈദ്യപരിശോധനയിലടക്കം തെളിഞ്ഞിട്ടുണ്ട്. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ നടപടി സ്വീകരിക്കാന്‍ കഴിയുമെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറുമായ സുരേഷ് ബാബു തോമസ് മുഖേനയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ ഇത് കോടതിക്ക് സമര്‍പ്പിച്ചിട്ടുള്ളത്. സ്വഭാവികമായും ഈ റിപ്പോര്‍ട്ട് സംസ്ഥാന പോലീസ് മേധാവിയും കേസിന്റെ മേല്‍നോട്ട ചുമതലയുള്ള ഐ.ജി വിജയ് സാക്കറെയും കണ്ടു എന്നു ഉറപ്പാണ്.

എന്നാല്‍ ഈ റിപ്പോര്‍ട്ട് നല്‍കി ദിവസങ്ങള്‍ക്കുള്ളിലാണ് പൊലീസ് മലക്കം മറിയുന്നത്. കന്യാസ്ത്രീയുടെ മൊഴിയില്‍ പൊരുത്തക്കേടുണ്ടെന്നും അത് പരിഹരിക്കണമെന്നുമാണ് ഇപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ നിലപാട്. എന്നാല്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിനു വിരുദ്ധമായ തെളിവുകള്‍ ജലന്ധറില്‍ നിന്നും കിട്ടി എന്നു പൊലീസ് പറയുന്നുമില്ല. മറിച്ച് ബിഷപ്പ് പറഞ്ഞതു കളവാണെന്നും പൊലീസ് പറയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അന്വേഷണം അട്ടിമറിക്കാന്‍ ഉന്നതതല സമ്മര്‍ദ്ദമുണ്ടെന്ന വാദത്തിന് പ്രസക്തിയേറുന്നത്. ഈ വാദമാകും അടുത്തദിവസം കന്യാസ്ത്രീ ഹൈക്കോടതിയിലും ആയുധമാക്കുക.

Similar Posts