പ്രതിഷേധം ശക്തം; പി.കെ ശശിയുടെ ഇന്നത്തെ പൊതുപരിപാടികള്‍ റദ്ദാക്കി
|പാര്‍ട്ടി നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനം.എന്നാല്‍ അനാരോഗ്യം മൂലമാണ് പരിപാടികള്‍ റദ്ദാക്കിയതെന്നാണ് എംഎല്‍എയുടെ വിശദീകരണം
പ്രതിഷധങ്ങള്‍ ശക്തമായതിനെ തുടര്‍ന്ന് പി.കെ ശശി എം.എല്‍.എയുടെ പൊതുപരിപാടികള്‍ റദ്ദാക്കി. സിപിഎം സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരമാണ് പരിപാടികള്‍ റദ്ദാക്കിയത്. ഒരു വിഭാഗം അംഗങ്ങള്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് ഇന്ന് നടക്കേണ്ടിയിരുന്ന ചെര്‍പ്പുളശ്ശേരി ഏരിയാ കമ്മിറ്റി യോഗവും മാറ്റിവെച്ചു. അതേസമയം സ്ത്രീ പീഡന പരാതിയിൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് അന്വേഷണ കമ്മീഷൻ അംഗം കൂടിയായ മന്ത്രി എ.കെ ബാലൻ പറഞ്ഞു.
പി.കെ ശശി പങ്കെടുക്കുന്ന യോഗത്തിൽ പങ്കെടുക്കാൻ കഴിയിലെന്ന് 6 അംഗങ്ങൾ അറിയിച്ചതോടെയാണ് ചെര്‍പ്പുളശ്ശേരി ഏരിയാ കമ്മറ്റി യോഗം മാറ്റിവെച്ചത്. അതിനിടെ പി.കെ ശശിയോട് പൊതു പരിപാടികളിൽ നിന്നും വിട്ടുനൽക്കണമെന്ന് പാർട്ടി കർശന നിർദ്ദേശവും നൽകി. ഇതൊടെ എം.എല്‍.എ പങ്കെടുക്കേണ്ട എല്ലാ പരിപാടിക്കളും റദ്ദാക്കി. അനാരോഗ്യം മൂലമാണ് പരിപാടികൾ റദ്ദാക്കിയതെന്നാണ് പി.കെ ശശിയുടെ അടുത്ത വൃത്തങ്ങളുടെ വിശദീകരണം. യുവതിയുടെ പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷമാണ് പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചതെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. പരാതിക്കാരിക്ക് അന്വേഷണത്തിൽ അതൃപ്തി ഉണ്ടെങ്കിൽ ഏത് ഏജൻസിയെയും സമീക്കാമെന്നും ഇതിന് പാർട്ടിയുടെയും സർക്കാരിന്റെയും പിന്തുണ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.