ബിഷപ്പിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ടുള്ള നിരാഹാര സമരം രണ്ട് ദിവസം പിന്നിട്ടു
|തുടര്‍ച്ചയായ രണ്ടാം ദിവസവും കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളും സമരത്തിലെത്തി. നീതി ലഭിക്കും വരെ സമരവുമായി മുന്നോട്ട് പോകുമെന്ന് കന്യാസ്ത്രീകള്‍ വ്യക്തമാക്കി
ജലന്തര്‍ ബിഷപ്പ് ഫ്രാന്‍കോ മുളക്കളക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ക്രിസ്ത്യന്‍ ജോയിന്റ് കൗണ്‍സിലിന്റെ നിരാഹാര സമരം രണ്ടു ദിവസം പിന്നിട്ടു. തുടര്‍ച്ചയായ രണ്ടാം ദിവസവും കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളും സമരത്തിലെത്തി. നീതി ലഭിക്കും വരെ സമരവുമായി മുന്നോട്ട് പോകുമെന്ന് കന്യാസ്ത്രീകള്‍ വ്യക്തമാക്കി.
രാവിലെ ഒന്‍പതുമണിയോടെ സമരം ആരംഭിച്ചെങ്കിലും ഉച്ചകഴിഞ്ഞാണ് കുറവിലങ്ങാട് മഠത്തില്‍ നിന്നും കന്യാസ്ത്രീകള്‍ എത്തിയത്. നീതി പൂര്‍വ്വമായ കോടതി തീരുമാനം ഉണ്ടാകും വരെ സമരം തുടരുമെന്ന് നേതാക്കള്‍ പറഞ്ഞു. വിവിധ സംഘടനാ നേതാക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും സമരത്തിന് പിന്തുണയുമായുണ്ട്. കന്യാസ്ത്രീകളെ മാനസികമായി തകര്‍ക്കാനുള്ള തുടര്‍ച്ചയായുള്ള ശ്രമങ്ങള്‍ സ്ത്രീ വിരുദ്ധവും പ്രതിഷേദാര്ഹവുമാണന്ന് ഇവര്‍ പറഞ്ഞു.
പൊതുജനങ്ങളില്‍ നിന്നുയരുന്ന പിന്തുണയാണ് തങ്ങളെ വീണ്ടും സമരപ്പന്തലിലെത്തിച്ചതെന്ന് കന്യാസ്ത്രീകള്‍ പറഞ്ഞു. പരാതിക്കാരി നാളെ വീണ്ടും കോടതിയെ സമീപിക്കുന്ന സാഹചര്യത്തില്‍ തീരുമാനത്തിനായി കാത്തിരിക്കുകയാണന്നും ആവശ്യമെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്നും ജെ.സി.സി നേതാക്കള്‍ പറഞ്ഞു.