Kerala
ഇന്ധന വിലവര്‍ധന; കെ.എസ്.ആര്‍.ടി.സിയില്‍ പ്രതിദിന അധിക ബാധ്യത നാലരക്കോടിയിലധികം
Kerala

ഇന്ധന വിലവര്‍ധന; കെ.എസ്.ആര്‍.ടി.സിയില്‍ പ്രതിദിന അധിക ബാധ്യത നാലരക്കോടിയിലധികം

Web Desk
|
10 Sep 2018 10:13 AM GMT

പ്രതിസന്ധി മറികടക്കാന്‍ മുപ്പത് ശതമാനം സര്‍വീസുകള്‍ വെട്ടിക്കുറക്കാനാണ് കെ.എസ്.ആര്‍.ടിസിയുടെ തീരുമാനം.

ഡീസല്‍ വില വര്‍ധനവ് മൂലം കെ.എസ്.ആര്‍.ടി.സിയുടെ നടത്തിപ്പ് വലിയ പ്രതിസന്ധിയിലേക്ക്. ആറു മാസം മുമ്പുള്ളതിനേക്കാള്‍ പ്രതിദിനം നാലരക്കോടി രൂപയിലധികം ഡീസലിനിത്തില്‍ മാത്രം അധിക ചെലവ് വരുന്നതായി മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. പ്രതിസന്ധി മറികടക്കാന്‍ മുപ്പത് ശതമാനം സര്‍വീസുകള്‍ വെട്ടിക്കുറക്കാനാണ് കെ.എസ്.ആര്‍.ടിസിയുടെ തീരുമാനം.

ഇന്ധന വിലവര്‍ധനവ് മൂലം ചരിത്രത്തിലില്ലാത്ത പ്രതിസന്ധിയിലേക്കാണ് കെ.എസ്.ആര്‍.ടി.സി കൂപ്പു കുത്തിയിരിക്കുന്നത്. ഡീസലടിക്കുന്നതിനുള്ള പണം പോലും കണ്ടെത്തുന്നത് ശ്രമകരമായിട്ടുണ്ട്. ഇതിനു പുറമേ ജീവനക്കാരുടെ ശമ്പളം എങ്ങനെ കണ്ടെത്തുമെന്നതാണ് കെ.എസ്.ആര്‍.ടി.സിയെ കുഴക്കുന്നത്.

ഇപ്പോഴത്തെ പ്രതിസന്ധി മറി കടക്കാന്‍ സര്‍വീസുകള്‍ വെട്ടിക്കുറക്കാനാണ് തീരുമാനം. രാവിലെയും വൈകിട്ടുമുള്ള സര്‍വീസുകള്‍ നിലനിര്‍ത്തി ഉച്ച സമയത്തെ തിരക്കു കുറഞ്ഞ സര്‍വീസുകള്‍ നിര്‍ത്തലാക്കുമെന്നും മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്ന കാര്യം കെ.എസ്.ആര്‍.ടി.സിയുടെ ആലോചനയിലില്ല. ധനവകുപ്പ് ഈ പ്രതിസന്ധി മറികടക്കാന്‍ സഹായിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

Related Tags :
Similar Posts