Kerala
വെള്ളം താഴ്ന്നു, ആലപ്പുഴയിലെ കനാലുകളില്‍ നിന്ന് വെള്ളം ഒഴുക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ചുള്ള പരിശോധനയും നിലച്ചു
Kerala

വെള്ളം താഴ്ന്നു, ആലപ്പുഴയിലെ കനാലുകളില്‍ നിന്ന് വെള്ളം ഒഴുക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ചുള്ള പരിശോധനയും നിലച്ചു

Web Desk
|
11 Sep 2018 8:30 AM GMT

വെള്ളപ്പൊക്ക സമയത്ത് നഗരത്തിലേക്ക് വെള്ളം കയറാനാരംഭിച്ചപ്പോള്‍ വെള്ളം എങ്ങനെയെങ്കിലും കടലിലേക്ക് ഒഴുക്കി വിടാന്‍ ജില്ലാ ഭരണകൂടം അടിയന്തര നടപടി ആരംഭിച്ചിരുന്നു.

പ്രളയം മാറി വെള്ളം താഴ്ന്നതോടെ ആലപ്പുഴ നഗരത്തിലെ കനാലുകളില്‍ നിന്ന് കടലിലേക്ക് വെള്ളം ഒഴുക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ചുള്ള പരിശോധനയും നിലച്ചു. വെള്ളപ്പൊക്ക സമയത്ത് നഗരത്തിലേക്ക് വെള്ളം കയറാനാരംഭിച്ചപ്പോള്‍ വെള്ളം എങ്ങനെയെങ്കിലും കടലിലേക്ക് ഒഴുക്കി വിടാന്‍ ജില്ലാ ഭരണകൂടം അടിയന്തര നടപടി ആരംഭിച്ചിരുന്നു. എന്നാല്‍ അന്ന് ഈ നീക്കം പരാജയപ്പെട്ടിരുന്നു.

പ്രളയകാലത്ത് നഗരത്തിലേക്ക് വെള്ളം കയറാന്‍ തുടങ്ങിയപ്പോഴാണ് ആലപ്പുഴ നഗരത്തിലെ കനാലുകളും അതിന്റെ ഒഴുക്കില്ലായ്മയുമൊക്കെ വീണ്ടും ചര്‍ച്ചയായത്. കടല്‍ത്തീരത്ത് പൊഴി വീതികൂട്ടി വെള്ളം കടലിലേക്ക് ഒഴുക്കിവിടാന്‍ ജില്ലാ ഭരണകൂടം അടിയന്തര നടപടികള്‍ സ്വീകരിച്ചു. പക്ഷേ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊഴി വീതി കൂട്ടിയെങ്കിലും കനാലുകളെ തോടുമായി ബന്ധിപ്പിക്കുന്ന തുരങ്കം അടഞ്ഞു പോയതിനെതിനാലും മറ്റ് സാങ്കേതിക പ്രശ്നങ്ങളാലും വെള്ളം ഒഴുകിപ്പോയില്ല.

പിന്നീട് സ്വാഭാവികമായി ജലനിരപ്പ് ക്രമേണ താഴ്ന്നു. വെള്ളം താഴ്ന്നതോടെ തുരങ്കവും കനാലുമൊക്കെ എല്ലാവരും മറക്കുകയും അധികാരികള്‍ രക്ഷപ്പെടുകയും ചെയ്തു. കടപ്പുറത്തു നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നുമൊക്കെ വന്‍ തോതില്‍ പാര്‍ക്കിങ്ങ് ഫീസ് പിരിക്കുക മാത്രം ചെയ്യുന്ന ഏജന്‍സിയായ കനാല്‍ മാനേജ്മെന്റ് സൊസൈറ്റി ദുരന്തങ്ങളുണ്ടാവുമ്പോള്‍ മാത്രമേ കനാലുകളിലെ ഒഴുക്ക് നിലനിര്‍ത്തുന്നതിനെക്കുറിച്ച് ആലോചിക്കൂ എന്നതാണ് ആലപ്പുഴക്കാരുടെ അനുഭവം.

Related Tags :
Similar Posts