മദറിന് വിശ്വാസം ബിഷപ്പിനെ മാത്രം; നടത്തുന്നത് ജീവന്മരണ പോരാട്ടമെന്ന് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍
|പരാതിയില്‍ സത്യമുള്ളതിനാലാണ് കന്യാസ്ത്രീക്കൊപ്പം നില്‍ക്കുന്നത്. തിരുവസ്ത്രമിട്ട് സമരത്തിനിറങ്ങുന്നതിനാല്‍ തങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന ആശങ്കയും കന്യാസ്ത്രീകള്‍ മീഡിയവണിനോട് പങ്കുവെച്ചു
ജലന്ധര്‍ ബിഷപ്പിനെതിരായ പരാതി ഒതുക്കിതീര്‍ക്കാന്‍ മിഷണറീസ് ഓഫ് ജീസസ് മദര്‍ ജനറല്‍ ശ്രമിച്ചതിന്റെ തെളിവ് മീഡിയവണിന്. ബിഷപ്പിനെതിരെ നടപടി സ്വീകരിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞ മദര്‍ പരാതിയില്‍ നിന്ന് പിന്‍മാറണമെന്നും ആവശ്യപ്പെട്ടു. അമ്മയുടെ സ്ഥാനത്ത് കണ്ട മദര്‍ ജനറല്‍ മക്കളുടെ പരാതി അവഗണിച്ചെന്ന് കന്യാസ്ത്രീകള്‍ മീഡിയവണിനോട് പറഞ്ഞു.
മിഷണറീസ് ഓഫ് ജീസസ് സന്യാസി സഭ പരാതിക്കാരിയായ കന്യാസ്ത്രീയെയും പിന്തുണയ്ക്കുന്ന കന്യാസ്ത്രീകളെയും മഠത്തില്‍ നിന്ന് പുറത്താക്കാന്‍ നീക്കം നടത്തുന്നതിനിടെയാണ് മദര്‍ ജനറലിന്റെ ഇടപെടല്‍ പുറത്ത് വന്നത്. ഏപ്രില്‍ മാസം നല്‍കിയ പരാതിക്ക് മദര്‍ ജനറല്‍ നല്‍കിയ മറുപടിയില്‍ ബിഷപ്പിനെതിരെ നടപടിയെടുക്കാന്‍ സാധിക്കില്ലെന്നാണ് പറയുന്നത്. വ്യക്തിപരമായ കാര്യങ്ങള്‍ വ്യക്തിപരമായി തീര്‍ക്കണമെന്നും അല്ലാത്ത പക്ഷം അത് സഭയ്ക്ക് നാണക്കേട് ഉണ്ടാക്കുമെന്നുമായിരുന്നു മദര്‍ ജനറലിന്റെ മറുപടി. ഈ നിലപാട് സ്വീകരിച്ചത് ബിഷപ്പിനെ സംരക്ഷിക്കാനാണെന്ന് കന്യാസ്ത്രീകള്‍ മീഡിയവണിനോട് പറഞ്ഞു.
"അമ്മയെന്ന സ്ഥാനത്താണ് മദര്‍ ജനറലിനെ കണ്ടത്. പക്ഷേ മക്കളെന്ന നിലയില്‍ ഞങ്ങളുടെ പരാതി കേട്ടില്ല. ബിഷപ്പിനെയാണ് ഇപ്പോഴും മദര്‍ ജനറല്‍ വിശ്വസിക്കുന്നത്. മദര്‍ ജനറല്‍ ഉറച്ച തീരുമാനം എടുത്തിരുന്നെങ്കില്‍ തങ്ങള്‍ തെരുവിലിറങ്ങേണ്ട അവസ്ഥ ഉണ്ടാകില്ലായിരുന്നു. പരാതി പറഞ്ഞിട്ടും സ്വന്തം സഭയിലെ കന്യാസ്ത്രീമാരെ മദര്‍ ജനറല്‍ വിശ്വസിച്ചില്ല", കന്യാസ്ത്രീകള്‍ പറഞ്ഞു.
ബിഷപ്പിനെ സംരക്ഷിക്കാനാണ് തങ്ങളെ മഠത്തില്‍ നിന്നും പുറത്താക്കാന്‍ നോക്കുന്നത്. നീതി ലഭിക്കുന്നത് വരെ സമരം തുടരുമെന്നും കന്യാസ്ത്രീകള്‍ മീഡിയവണിനോട് പറഞ്ഞു.