Kerala
ഭരണസ്തംഭനം: ചെന്നിത്തലയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രിയുടെ ഓഫീസ്
Kerala

ഭരണസ്തംഭനം: ചെന്നിത്തലയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രിയുടെ ഓഫീസ്

Web Desk
|
12 Sep 2018 2:27 AM GMT

പ്രളയദുരിതാശ്വാസം, പുനരധിവാസം കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിന് രൂപീകരിച്ച മന്ത്രിസഭാ ഉപസമിതി കാര്യങ്ങള്‍ കൃത്യമായി ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

മുഖ്യമന്ത്രി ചികിത്സക്കായി വിദേശത്തേക്ക് പോയ ശേഷം സംസ്ഥാനത്ത് ഭരണസ്തംഭനമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയും സിപിഎമ്മും സംസ്ഥാനത്തെ അനാഥമാക്കിയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. എന്നാല്‍ പ്രതിപക്ഷ നേതാവിന്‍റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

തുടര്‍ച്ചയായി രണ്ടാഴ്ച മന്ത്രിസഭ യോഗം ചേരാതിരിക്കുന്നത് തന്നെ ഭരണസ്തംഭനമെന്ന് തെളിവാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. പുനരധിവാസ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് അവതാളത്തിലായെന്നും, മന്ത്രിസഭായോഗത്തിന് അധ്യക്ഷത വഹിക്കാന്‍ ജയരാജനെ തീരുമാനിച്ചതില്‍ സിപിഎമ്മിലെ തന്നെ മുതര്‍ന്ന മന്ത്രിമാര്‍ക്ക് എതിര്‍പ്പുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.

എന്നാല്‍ ചെന്നിത്തലയുടെ ആരോപണങ്ങള്‍ നിഷേധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്തെത്തി. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും, പ്രളയദുരിതാശ്വാസം, പുനരധിവാസം കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിന് രൂപീകരിച്ച മന്ത്രിസഭാ ഉപസമിതി കാര്യങ്ങള്‍ കൃത്യമായി ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സ്ഥലത്തില്ലെങ്കിലും അപ്പപ്പോള്‍ ഉയര്‍ന്നുവരുന്ന പ്രധാന കാര്യങ്ങളില്‍ മുഖ്യമന്ത്രി തന്നെ തീരുമാനം എടുക്കുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ട്. മന്ത്രിമാരുമായും പ്രധാന ഉദ്യോഗസ്ഥരുമായും മുഖ്യമന്ത്രി ആശയവിനിമയം നടത്തുണ്ടെന്നും സിഎംഒ വിശദീകരിക്കുന്നുണ്ട്. വിദേശത്തുപോയ ശേഷം സെപ്തംബർ മൂന്നു മുതല്‍ ഒമ്പതു വരെയുളള ദിവസങ്ങളില്‍ 316 ഫയലുകളില്‍ മുഖ്യമന്ത്രി തീര്‍പ്പ് കല്‍പ്പിച്ചു. ഇലക്ട്രോണിക് സംവിധാനം ഉപയോഗിച്ച് ഫയല്‍ കൈകാര്യം ചെയ്യുന്നതിനുളള എല്ലാ ഏര്‍പ്പാടുകളും ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഒാഫീസ് അറിയിച്ചിട്ടുണ്ട്.

Similar Posts