ബിഷപ്പിനെ പിന്തുണച്ച് ജലന്ധര്‍ രൂപതയും സന്യാസി സമൂഹവും
|ബിഷപ്പിനും സഭക്കും എതിരെ ഗൂഢാലോചന നടന്നുവെന്ന് കാണിച്ച് മിഷനറീസ് ഓഫ് ജീസസിലെ എല്ലാ കന്യാസ്ത്രീകളും ഡിജിപിക്ക് മുമ്പാകെ ഹാജരാകും
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ വീണ്ടും ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ന്യായീകരിച്ച് ജലന്ധര്‍ രൂപത. ആദ്യമായി പീഡനം നടന്നെന്ന് കന്യാസ്ത്രീ ആരോപിക്കുന്ന ദിവസം ബിഷപ്പ് മഠത്തില്‍ താമസിച്ചില്ലെന്ന് ആവര്‍ത്തിച്ച് സഭയുടെ വിശദീകരണ കുറിപ്പ് പുറത്തുവന്നു. സത്യം പുറത്ത് വരുന്നത് വരെ എല്ലാവരും മിതത്വം പാലിക്കണമെന്നും ജലന്ധര്‍ രൂപത.
ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീക്കെതിരെ മിഷനറീസ് ഓഫ് ജീസസ് ഡിജിപിക്ക് പരാതി നല്‍കും. ബിഷപ്പിനും സഭക്കും എതിരെ ഗൂഢാലോചന നടന്നുവെന്ന് കാണിച്ച് മിഷനറീസ് ഓഫ് ജീസസിലെ എല്ലാ കന്യാസ്ത്രീകളും ഡിജിപിക്ക് മുമ്പാകെ ഹാജരാകാനാണ് തീരുമാനം.
കന്യാസ്ത്രീകളുടെ സമരത്തിനെതിരെ സിഎംസി സന്യാസി സമൂഹവും രംഗത്തെത്തി. ഫ്രാങ്കോ മുളയ്ക്കലിനെ പിന്തുണച്ച് ചങ്ങനാശ്ശേരി സഹായ മെത്രാന്‍ തോമസ് തറയിലും രംഗത്ത് വന്നു.
അതിനിടെ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. നാളെ ബിഷപ്പിന് നോട്ടീസ് നല്‍കും. ഏറ്റുമാനൂരില്‍ വെച്ച് ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കൊച്ചിയില്‍ ഇന്ന് നടക്കുന്ന ഐജിയുടെ അവലോകന യോഗത്തിന് ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും.