Kerala
ഓര്‍ഡിനന്‍സ് ഭരണഘടനാവിരുദ്ധം: കണ്ണൂര്‍, കരുണ മെഡിക്കൽ കോളേജ്  ഓര്‍ഡിനന്‍സ് സുപ്രീം കോടതി റദ്ദാക്കി
Kerala

ഓര്‍ഡിനന്‍സ് ഭരണഘടനാവിരുദ്ധം: കണ്ണൂര്‍, കരുണ മെഡിക്കൽ കോളേജ് ഓര്‍ഡിനന്‍സ് സുപ്രീം കോടതി റദ്ദാക്കി

Web Desk
|
12 Sep 2018 8:19 AM GMT

സുപ്രീം കോടതിയുടേയും ഹൈക്കോടതിയുടേയും അധികാരത്തില്‍ കൈകടത്തുന്നതാണ് ഓര്‍ഡിനന്‍സെന്നും സുപ്രീം കോടതി

കണ്ണൂർ കരുണ മെഡിക്കൽ കോളജ് ഓർഡിനൻസ് സുപ്രീം കോടതി റദ്ദാക്കി. നടപടി ഭരണഘടന വിരുദ്ധവും കോടതികളുടെ അധികാരത്തിൽ കൈകടത്തുന്നതുമാണെന്ന് സുപ്രീം കോടതി വിധിച്ചു. ഓർഡിനൻസ് നിയമപരമായി നില നിൽക്കുമോ എന്ന് നേരത്തെ തന്നെ സംശയമുണ്ടായിരുന്നു എന്ന് മന്ത്രി കെ.കെ ശൈലജ പ്രതികരിച്ചു.

കണ്ണൂർ,കരുണ മെഡിക്കൽ കോളേജുകളിൽ 2016-17 അധ്യയന വർഷം പഠനമാരംഭിച്ച 180 വിദ്യാർത്ഥികളുടെ പ്രവേശനം ക്രമപ്പെടുത്താൻ സംസ്ഥാന സർക്കാർ കൊണ്ടുവന്ന ഓർഡിനൻസ് ആണ് സുപ്രീം കോടതി റദ്ദാക്കിയത്. ക്രമവിരുദ്ധമെന്ന് കണ്ടെത്തി ഈ വിദ്യാർത്ഥികളുടെ പ്രവേശനം സുപ്രീം കോടതി റദ്ദാക്കിയതോടെയായിരുന്നു സർക്കാർ ഓർഡിനൻസ് കൊണ്ടുവന്നത്. വിദ്യാർത്ഥികളുടെ ഭാവി പരിഗണിച്ചുള്ള നീക്കം എന്നായിരുന്നു സർക്കാർ വാദം. ഇത് സുപ്രീം കോടതി മുഖവിലക്കെടുത്തില്ല. ഓർഡിനൻസ് ഭരണ ഘടന വിരുദ്ധമാണ്. സുപ്രീം കോടതിയുടെയും ഹൈകോടതിയുടെയും അധികാരത്തിലേക്കുള്ള കടന്നുകയറ്റവുമാണെന്ന് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബഞ്ച് വിധിച്ചു. കോടതിയാണ് ശരി എന്നും വിധിയെ മാനിക്കുന്നുവെന്നും മന്ത്രി കെ.കെ ശൈലജ പ്രതികരിച്ചു.

ഓർഡിൻസിന് പിന്നാലെ തന്നെ അതിനെ പിന്തുണക്കുന്ന ബിൽ നിയമസഭ പാസാക്കിയിരുന്നു. ഭരണ-പ്രതിപക്ഷങ്ങൾ ഒരു പോലെ ബില്ലിനെ പിന്തുണക്കുകയും ചെയ്തു. എന്നാൽ ഏപ്രിൽ ആദ്യം വാരംതന്നെ ഓർഡിനൻസ് സുപ്രീം കോടതി സ്റ്റേ ചെയ്യുകയായിരുന്നു. ക്രമവിരുദ്ധമായി പ്രവേശനം നേടിയ വിദ്യാർത്ഥികളെ പുറത്താക്കി പിന്നീട് ഉത്തരവിടുകയും ചെയ്തു. ഇതോടെ നേരത്തെ നിയമസഭ പാസാക്കിയ ബില്ലിൽ സർക്കാർ തുടർ നടപടികൾ ഉപേക്ഷിക്കുകയായിരുന്നു.

ചട്ടവിരുദ്ധമായി പ്രവേശനം നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും തലവരിപ്പണം തിരികെ നൽകാൻ കണ്ണൂർ - കരുണ കോളേജുകൾക്ക് കോടതി നിർദ്ദേശമുണ്ട്. ഈ ഉത്തരവ് പാലിക്കാത്തതിൽ കണ്ണൂർ മെഡി. കോളേജിനെതിരായ ഹർജി കോടതിയുടെ പരിഗണനയിലാണ്

എന്തായാലും കരുണ,കണ്ണൂര്‍ മെഡിക്കല്‍ കോളേജുതലെ പ്രവേശനം സാധൂകരിക്കാനായി കൊണ്ടുവന്ന ഓര്‍ഡിനന്‍സ് റദ്ദാക്കിയ സുപ്രിം കോടതി വിധി സര്‍ക്കാരിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. സ്വാശ്രയ കോളജുകള്‍ നടത്തിയ തെറ്റിന് നിയമ നിര്‍മാണത്തിലൂടെ അംഗീകാരം നല്‍കാനുള്ള ശ്രമം കോടതിയില്‍ അടി തെറ്റി. ബില്ലിനെ പിന്തുണച്ച പ്രതിപക്ഷവും വെട്ടിലായി.

കരുണ കണ്ണൂര്‍ മെഡിക്കല്‍ കോളജുകള്‍ 2016 17 ല്‍ നടത്തിയ പ്രേവശനത്തില്‍ ക്രമക്കേടുണ്ടെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് പ്രവേശന മേല്‍നോട്ട സമിതി പ്രവേശനം റദ്ദാക്കി. ഇതിനെതിരെ കോളജുകള്‍ സുപ്രീം കോടതി വരെ പോയെങ്കിലും പ്രവേശന മേല്‍നോട്ട സമിതിയുടെ തീരുമാനത്തെ ശരിവെക്കുകയായിരുന്നു. ഇതോടെയാണ് നിയമനിര്‍മാണ സാധ്യത തേടി മാനേജ്മെന്‍റുകള്‍ സര്‍ക്കാരിന് സമീപിച്ചത്. പ്രതിപക്ഷവുമായി സമവായത്തിലെത്തിയ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നു. വി.ടി ബല്‍റാം എം.എല്‍.എ മാത്രമാണ് എതിര്‍ത്തത്. നിയമസഭ ബില്‍ പാസാക്കി അയച്ചെങ്കിലും ഗവര്‍ണര്‍ തിരിച്ചയച്ചു. ഇതിനിടെയാണ് ഓര്‍ഡിനന്‍സ് തന്നെ സുപ്രിം കോടതി റദ്ദാക്കിയത്. വിദ്യാഭ്യാസ കച്ചവടക്കാരെ സഹായിക്കാന്‍ ശ്രമിച്ചുവെന്ന വിമര്‍ശം നേരിട്ട സര്‍ക്കാര്‍ ഇതോടെ പ്രതിരോധത്തിലായി

വിദ്യാര്‍ഥികളുടെ ഭാവി ഉയര്‍ത്തി ബില്ലിന് പിന്തുണ നല്‍കിയതിനാല്‍ പ്രതിപക്ഷത്തിനും വിധി തിരിച്ചടിയായി. സി.പി.എമ്മിനും ഇടതുമുന്നണിക്കുമെതിരെ സ്വാശ്രയ പ്രശ്നത്തില്‍ വിമര്‍ശം ഉയര്‍ത്താനുള്ള അവസരമാണ് പ്രതിപക്ഷം കളഞ്ഞുകുളിച്ചത്. ബില്ലിനെ എതിര്‍ത്ത വി.ടി ബല്‍റാം എം.എല്‍.എ കോടതി വിധിയെ സ്വാഗതം ചെയ്തു.

വിധി സ്വാഗതം ചെയ്യുന്നുവെന്ന് ആരോഗ്യമന്ത്രി

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ പ്രവേശനം റദ്ദാക്കിയ സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഓര്‍ഡിനന്‍സ് നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ സര്‍ക്കാരിന് നേരത്തേ തന്നെ സംശയമുണ്ടായിരുന്നുവെന്നും കെ.കെ ശൈലജ കണ്ണൂരില്‍ പറഞ്ഞു.

Similar Posts