Kerala
ഒക്ടോബര്‍ രണ്ട് മുതല്‍ കെ.എസ്.ആര്‍.ടി.സി പണിമുടക്ക്
Kerala

ഒക്ടോബര്‍ രണ്ട് മുതല്‍ കെ.എസ്.ആര്‍.ടി.സി പണിമുടക്ക്

Web Desk
|
13 Sep 2018 3:12 PM GMT

പ്രശ്‌ന പരിഹാരത്തിന് ഗതാഗത മന്ത്രി വിളിച്ച ചര്‍ച്ചയും പരാജയപ്പെട്ടതോടെ സെപ്റ്റംബര്‍ ആറ് മുതല്‍ നടന്നുവന്ന സത്യാഗ്രഹം അവസാനിപ്പിച്ച് ഒക്ടോബര്‍ രണ്ട് അര്‍ധരാത്രി മുതല്‍ പണിമുടക്ക് പ്രഖ്യാപിച്ചു

കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ പണിമുടക്കിലേക്ക്. മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ വ്യവസായ വിരുദ്ധ നയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് ഒക്ടോബര്‍ രണ്ട് മുതല്‍ അനിശ്ചിത കാലത്തേക്ക് പണിമുടക്കുമെന്നറിയിച്ച് സംയുക്ത ട്രേഡ് യൂണിയന്‍ ആഭിമുഖ്യത്തില്‍ നോട്ടീസ് നല്‍കി.

കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റും തൊഴിലാളി യൂണിയനുകളും തമ്മില്‍ മാസങ്ങളായി തുടരുന്ന ശീതസമരത്തിന്റെ തുടര്‍ച്ചയായാണ് പണിമുടക്ക് പ്രഖ്യാപനം. കെ.എസ്.ആര്‍.ടി.സി പുനരുദ്ധാരണത്തിനായി നിയോഗിക്കപ്പെട്ട സുശീല്‍ ഖന്നയുടെ ശിപാര്‍ശകളെ മുന്‍നിര്‍ത്തി തച്ചങ്കരി നടപ്പിലാക്കിയ പരിഷ്‌കാരങ്ങള്‍ ഭരണാനുകൂല യൂണിയനുകളെ അടക്കം രോഷം വിളിച്ചുവരുത്തിയത്. വാടക വണ്ടികള്‍ കൊണ്ടുവരാനുള്ള നീക്കം, ലാഭകരമല്ലാത്ത ഷെഡ്യൂളുകള്‍ വെട്ടിക്കുറക്കല്‍, താത്കാലിക ജീവനക്കാരെ പിരിച്ചുവിടല്‍ തുടങ്ങിയവ തൊഴിലാളി യൂണിയനുകളുടെ അതൃപ്തിക്കിടയാക്കി.

ബസ് ബോഡി നിര്‍മാണം അവസാനിപ്പിച്ചത് ചൂണ്ടിക്കാട്ടി 147 എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടത് സാഹചര്യങ്ങള്‍ വഷളാക്കി. പ്രശ്‌ന പരിഹാരത്തിന് ഗതാഗത മന്ത്രി വിളിച്ച ചര്‍ച്ചയും പരാജയപ്പെട്ടതോടെ സെപ്റ്റംബര്‍ ആറ് മുതല്‍ നടന്നുവന്ന സത്യാഗ്രഹം അവസാനിപ്പിച്ച് ഒക്ടോബര്‍ രണ്ട് അര്‍ധരാത്രി മുതല്‍ പണിമുടക്ക് പ്രഖ്യാപിക്കുകയായിരുന്നു.

സര്‍ക്കാരുമായി ആലോചിച്ച് കെ.എസ്.ആര്‍.ടി.സിക്ക് ഗുണകരമായ കാര്യങ്ങളാണ് നടപ്പാക്കുന്നതെന്നും എന്തുവില കൊടുത്തും പരിഷ്‌കാര നടപടികളുമായി മുന്നോട്ടുപോകുമെന്നുമാണ് എം.ഡി ടോമിന്‍ ജെ തച്ചങ്കരിയുടെ നിലപാട്. പണിമുടക്ക് ഒഴിവാക്കിയില്ലെങ്കില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ കോര്‍പറേഷന് വലിയ തിരിച്ചടിയാകും.

Related Tags :
Similar Posts