ഏരിയ കമ്മറ്റി യോഗത്തില്‍ ശശിക്കെതിരെ രൂക്ഷവിമര്‍ശം
|ചെര്‍പ്പുളശേരിയിലെ പൊതുപരിപാടിയില്‍ ശശിയെ മാലയിട്ട് സ്വീകരിച്ച പ്രവര്‍ത്തകരുടെ നടപടി ശരിയായില്ലെന്ന് ഒരു വിഭാഗം പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു
സി.പി.എം ചെറുപ്പുളശ്ശേരി ഏരിയ കമ്മറ്റി യോഗത്തിൽ പി.കെ ശശിക്കെതിരെ രൂക്ഷ വിമർശനം. പൊതുപരിപാടിയിൽ ശശിയെ മാലയിട്ട് സ്വീകരിച്ചത് ശരിയായില്ലെന്ന് അംഗങ്ങൾ അഭിപ്രായപ്പെട്ടു. പാർട്ടി വിലക്കുള്ളതിനാൽ ശശിക്ക് ഏരിയാ കമ്മറ്റി യോഗത്തിൽ പങ്കെടുക്കാനായില്ല.
പി.കെ ശശിയാണ് ചെറുപ്പുളശ്ശേരി ഏരിയ കമ്മറ്റിയുടെ സംഘടന ചുമതലയുള്ള ജില്ലാ സെക്രട്ടറിയേറ്റ് അംഗം. ശശി പങ്കെടുത്താൽ ഏരിയ കമ്മറ്റി യോഗത്തിൽ പങ്കെടുക്കില്ലെന്ന നിലപാട് ഭൂരിഭാഗം പേരും സ്വീകരിച്ചതോടെ രണ്ട് തവണ യോഗം മാറ്റിവെച്ചു. ശശിക്ക് പാർട്ടി പരിപാടികളിലും പൊതുപരിപാടികളിലും പങ്കെടുക്കാൻ സി.പി.എം വിലക്ക് ഏർപ്പെടുത്തിയതിനാൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സുരേഷ് ബാബുവാണ് മേൽക്കമ്മറ്റി തീരുമാനം ഏരിയ കമ്മറ്റിയിൽ റിപ്പോർട്ട് ചെയ്തത്.
17 അംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ 15 പേരും പി.കെ ശശിക്കെതിരെ വിമർശം ഉന്നയിച്ചു. പരാതി സംബന്ധിച്ച് മാധ്യമങ്ങളിൽ വാർത്ത വന്നശേഷവും നാണമില്ലാതെ സ്വീകരണം ഏറ്റുവാങ്ങുകയാണ് ശശി ചെയ്തത്. സ്വീകരണം ഏറ്റുവാങ്ങാൻ ശശിക്ക് ഒളിമ്പിക്സിൽ മെഡൽ ലഭിച്ചിട്ടുണ്ടോ എന്നും അംഗങ്ങൾ ചോദിച്ചു. സ്വീകരണത്തിന് നേതൃത്വം നൽകിയ ചെറുപ്പുളശേരി, കാറൽമണ്ണ ലോക്കൽ സെക്രട്ടറിമാർക്കെതിരെ നടപടി വേണമെന്നും ആവശ്യം ഉയർന്നു.
ശശിക്ക് ഏറെ സ്വാധീനം ഉള്ള ചെറുപ്പുള്ളശേരി ഏരിയാ കമ്മറ്റിയും അദ്ദേഹത്തെ കൈവിട്ടു. പാർട്ടി നടപടിക്കെപ്പം പി.കെ ശശി എം.എൽ.എ സ്ഥാനം രാജിവെക്കണമെന്നാണ് ഭൂരിഭാഗം നേതാക്കളുടെയും അഭിപ്രായം.