ശബരിമലയില്‍ ഇനി സ്വകാര്യവാഹനങ്ങള്‍ക്ക് അനുമതി ബേസ് ക്യാമ്പ് വരെ മാത്രം
|നിലക്കൽ ബേസ് ക്യാമ്പ് വാഹന പാർക്കിംഗ് കേന്ദ്രമാകുമ്പോൾ തുടർന്ന് പമ്പ വരെ എത്തുന്നതിന് തീർത്ഥാടകർക്കായി കെ.എസ്.ആര്‍.ടി.സി ബസുകൾ സജ്ജീകരിക്കും
ശബരിമലയിലേക്കുള്ള സ്വകാര്യ വാഹനങ്ങൾക്ക് പരമാവധി എത്താനുള്ള സ്ഥലം ഇനി മുതൽ നിലയ്ക്കൽ ബേസ് ക്യാമ്പായി പരിമിതപ്പെടുത്തും. ഈ മാസം 16 ന് ആരംഭിക്കുന്ന കന്നിമാസ പൂജകൾക്ക് മുമ്പായി പുതിയ ക്രമീകരണം നിലവിൽ വരും. നിലക്കൽ ബേസ് ക്യാമ്പ് -പമ്പ ഹിൽ ടോപ്പ് എന്നിവ ഉൾപ്പെടുത്തി മാസ്റ്റർ പ്ലാൻ ആവിഷ്കരിക്കാനും പമ്പയിൽ ഇന്നലെ നടന്ന ഉന്നതതല യോഗം തീരുമാനിച്ചു
നിലക്കൽ ബേസ് ക്യാമ്പ് വാഹന പാർക്കിംഗ് കേന്ദ്രമാകുമ്പോൾ തുടർന്ന് പമ്പ വരെ എത്തുന്നതിന് തീർത്ഥാടകർക്കായി കെ.എസ്.ആര്‍.ടി.സി ബസുകൾ സജ്ജീകരിക്കും. നിലയ്ക്കലിലെ റബർ മരങ്ങൾ മുറിച്ച് നീക്കി അനുബന്ധ സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള സ്ഥലം കണ്ടെത്തും. പമ്പ മണപ്പുറത്ത് ദേവസ്വത്തിന്റെ കൈവശമുള്ള ഭൂമിയിൽ പുതുതായി ടോയ്‍ലറ്റ് സൗകര്യങ്ങൾ ഒരുക്കും. നിലയ്ക്കൽ, പമ്പ കെ.എസ്.ആർ.ടി.സി, പാർക്കിംഗ് ഗ്രൗണ്ട്. ഹിൽ ടോപ്പ് എന്നിവയെ ഉൾപ്പെടുത്തി മാസ്റ്റർ പ്ലാൻ നടപ്പാക്കും
പ്രളയത്തെ തുടർന്ന് തകർന്ന പമ്പ മണപ്പുറത്തെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഹിൽ ടോപ്പിൽ നിന്നുള്ള പുതിയ പാലത്തിനടക്കമുള്ള ചെലവ് ദേവസ്വം ബോർഡ് വഹിക്കും. പമ്പ തീരത്ത് സ്നാനത്തിനും ബലിതർപ്പണത്തിനും സംവിധാനം ഉണ്ടാകും. ഇവിടെ തകർന്ന വ്യാപാര സ്ഥാപനങ്ങൾ കരാർ എടുത്തവർക്ക് അതേ ഇടത്തിൽ താൽക്കാലിക സംവിധാനം ഒരുക്കും. കൂടുതൽ തുകയ്ക്ക് കരാർ എടുത്തവർക്ക് നിലയ്ക്കലിൽ അനുയോജ്യമായ സ്ഥലം അനുവദിക്കുന്നതിന്നും ആലോചനയുണ്ട്.