സി.പി.എം നേതാവ് ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് കേരള കേന്ദ്രസര്‍വ്വകലാശാല പ്രോ വൈസ് ചാന്‍സിലര്‍
|സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥി അധ്യാപക വിരുദ്ധ നടപടികള്‍ക്ക് നേതൃത്വം കൊടുക്കുന്നത് പ്രോ വൈസ് ചാന്‍സിലര്‍ ജയപ്രസാദാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
സി.പി.എം നേതാവ് ഫോണിലൂടെ തന്നെ ഭീഷണിപ്പെടുത്തിയതായി കേരള കേന്ദ്രസര്‍വ്വകലാശാല പ്രോ വൈസ് ചാന്‍സിലറുടെ ആരോപണം. ഭാരതീയ വിചാര കേന്ദ്രത്തിന്റെ വൈസ് പ്രസിഡണ്ട് കൂടിയായ ഡോ. ജയപ്രസാദാണ് ആരോപണവുമായി രംഗത്ത് വന്നത്. വിദ്യാര്‍ഥി സമരങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍വ്വകലാശാലയുടെ സുരക്ഷയ്ക്ക് കേന്ദ്രസേനയുടെ സഹായം തേടാനാണ് അധികൃതരുടെ തീരുമാനം.
സോഷ്യല്‍ മീഡിയയിലെ കുറിപ്പിന്റെ പേരില്‍ അധ്യാപകനും വിദ്യാര്‍ഥിക്കുമെതിരെ നടപടി എടുത്തതിനെതിരെ സര്‍വ്വകലാശാലയില്‍ പ്രതിഷേധം ശക്തമാവുന്നതിനിടെയാണ് പ്രോ വൈസ് ചാന്‍സിലരുടെ ആരോപണം. സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥി അധ്യാപക വിരുദ്ധ നടപടികള്‍ക്ക് നേതൃത്വം കൊടുക്കുന്നത് ജയപ്രസാദാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സി.പി.എം നേതാവ് തന്നെ ഭീഷണിപ്പെടുത്തിയതായി ആരോപിച്ച് ജയപ്രസാദ് രംഗത്ത് വന്നത്.
സി.പി.എമ്മിന്റെ സംസ്ഥാനത്തെ ഉന്നത പദവിയിലിരിക്കുന്ന നേതാവ് തന്നെ ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ് ജയപ്രസാദിന്റെ ആരോപണം. സര്‍വ്വകലാശാലയെ ആര്‍.എസ്.എസിന്റെ കേന്ദ്രമാക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ എസ്.എഫ്.ഐയുടെയും ഡി.വൈ.എഫ്.ഐയുടെയും നേതൃത്വത്തില്‍ പ്രതിഷേധം നടന്നിരുന്നു. എസ്.എഫ്.ഐയുടെ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ സര്‍വ്വകലാശാലയ്ക്ക് നഷ്ടമുണ്ടായെന്ന് ചൂണ്ടികാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അനുമതിയില്ലാതെ പ്രകടനം നടത്തിയതിനും സര്‍വ്വകലാശലയുടെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തിയതിനും ഡി.വൈ.എഫ്.ഐക്കെതിരെയും ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി.
സമരങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍വ്വകലാശാലയുടെ സുരക്ഷ ശക്തമാക്കാന്‍ അധികൃതര്‍ കേന്ദ്രസേനയുടെ സഹായം തേടാന്‍ തീരുമാനിച്ചു. സുരക്ഷ ഒരുക്കുന്നതില്‍ സംസ്ഥാന പൊലീസിന്റെ പരിമിതി ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസേനയുടെ സഹായം തേടാന്‍ അധികൃതര്‍ തീരുമാനിച്ചത്.