‘നമ്പിനാരായണന്റെ പേരും രൂപവും എന്റെ പേരും രൂപവും വ്യത്യസ്തമാണ് സഹോദരന്മാരെ’; മഅ്ദനി
|ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകിയുള്ള സുപ്രീം കോടതി ഉത്തരവ് വന്നയുടനെ സോഷ്യൽ മീഡിയയിൽ ഉയർന്ന ചോദ്യമായിരുന്നു മഅ്ദനിയുടെ കേസും കുറ്റവിമുക്തമാക്കിയ പഴയെ കോടതി വിധികളും. ഒമ്പതര വർഷം ജയിലിൽ കിടന്ന മഅ്ദനിക്ക് എന്ത് കൊണ്ട് നമ്പി നാരായണന് ലഭിച്ചത് പോലെ നീതി ലഭിച്ചില്ല എന്ന ചോദ്യത്തിന് ഫേസ്ബുക്കിലൂടെ ഉത്തരം നൽകിയിരിക്കുകയാണ് മഅ്ദനി. 'വ്യത്യാസം' എന്ന് പറഞ്ഞ തലക്കെട്ടിൽ തുടങ്ങിയ പോസ്റ്റിൽ സോഷ്യൽ മീഡിയയിൽ വന്ന ചർച്ചകൾക്ക് നേരിട്ട് തന്നെ പ്രതികരിക്കുകയാണ് മഅ്ദനി.
'ഇന്ന് രാവിലെ മുതൽ പലരും ചോദിക്കുന്നു, നമ്പിനാരായണനെ ചാരനെന്നും രാജ്യദ്രോഹിയെന്നുമൊക്കെ ആരോപിച്ചു പീഡിപ്പിച്ചതിനു നഷ്ടപരിഹാരവും സുപ്രിംകോർട്ട് മുൻജഡ്‌ജിയെകൊണ്ടുള്ള അന്വഷണവുമൊക്കെ വിധിച്ചിരിക്കുന്നുവല്ലോ. താങ്കളേയും തീവ്രവാദവും രാജ്യദ്രോഹവുമൊക്കെ ആരോപിച്ചു ഒമ്പതര വർഷം ജയിലിലടച്ച ശേഷം നിരപരാധി ആണെന്ന് പ്രഖ്യാപിച്ചു പ്രത്യേക കോടതി വിട്ടയക്കുകയും പ്രസ്തുത വിധി മദ്രാസ് ഹൈക്കോടതിയും സുപ്രിംകോടതിയും ശരിവെക്കുകയും ചെയ്തതല്ലേ, വീണ്ടും മറ്റൊരു സംസ്ഥാനത്തു മറ്റൊരു കേസിൽ കുടുക്കിയിട്ടു ഇന്നുവരെ തെളിവിന്റെ ഒരംശം പോലും ഹാജരാക്കുന്നതിൽ പ്രോസിക്കുഷൻ പരാജയപ്പെട്ടിരിക്കുകയല്ലേ?എന്നിട്ടും എന്താണിങ്ങനെയെന്നു. അവരോടു വിനയപൂർവ്വം പറയുന്നു "നമ്പിനാരായണന്റെ പേരും രൂപവും മഅ്ദനിയുടെ പേരും രൂപവും വ്യത്യസ്തമാണ് സഹോദരന്മാരെ'; മഅ്ദനി പറയുന്നു.
മഅ്ദനിയുടെ പോസ്റ്റിനെ പിന്തുണച്ചും അനുഭാവം പ്രകടിപ്പിച്ച് നിരവധി പേരാണ് കമന്റുകളിലൂടെ പ്രതികരിക്കുന്നത്. മാലേഗാവ്, ഹൂബ്ലി, കോയമ്പത്തൂർ കേസുകളിൽ അടക്കം പതിറ്റാണ്ടുകളോളം അകാരണമായി ജയിലിൽ കിടന്ന മുസ്ലിം യുവാക്കൾക്ക് നിരപരാധിത്വം തെളിയിച്ചു പുറത്ത് വന്നപ്പോൾ ഒരു നഷ്ട പരിഹാരവും കിട്ടിയില്ല എന്ന കാര്യവും ഉയർത്തുന്നുണ്ട് കമൻറ്റുകളിൽ. മുസ്‌ലിം വിഷയങ്ങളിൽ മാത്രം അനുഭവിക്കുന്ന ഇരട്ട നീതിയെ ചോദ്യം ചെയ്യുന്നതാണ് മിക്ക കമൻറ്റുകളും.
1998-ലെ കോയമ്പത്തൂർ ബോംബ് സ്ഫോടന കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ഒൻപതു വർഷം വിചാരണത്തടവുകാരനായി തമിഴ്‌നാട്ടിലെ ജയിലിൽ കഴിഞ്ഞ മഅദനിയെ ആ കേസിൽ കുറ്റക്കാരനല്ലെന്നു കണ്ട് പ്രത്യേക കോടതി 2007 ഓഗസ്റ്റ് ഒന്നിന് വെറുതേ വിടുകയുണ്ടായിരുന്നു.