കന്യാസ്ത്രീയുടെ മൊഴിയില്‍ വ്യക്തതയായി; മൂന്ന് മൊഴികള്‍ നിര്‍ണായകമെന്ന് പൊലീസ്
|19ആം തിയതി 10 മണിക്ക് മുൻപ് ബിഷപ്പ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് എന്ന് പൊലീസ് അറിയിച്ചു
ജലന്ധർ ബിഷപ്പിനെതിരായ ബലാത്സംഗ കേസിൽ കന്യാസ്ത്രീയുടെ മൊഴികളിൽ വ്യക്തത വന്നതായി അന്വേഷണ സംഘം. കന്യാസ്ത്രീ നല്കിയ വിശദീകരണങ്ങൾ പലതും തൃപ്തികരമാണെന്നാണ് വിലയിരുത്തൽ. 19ആം തിയതി 10 മണിക്ക് മുൻപ് ബിഷപ്പ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് എന്ന് പൊലീസ് അറിയിച്ചു. അതേസമയം ബിഷപ്പിന്റെയും കന്യാസ്ത്രീയുടേയും മൊബൈൽ കണ്ടെത്താൻ സാധിച്ചില്ല.
അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ കന്യാസ്ത്രീയുടെ മൊഴിയിൽ വ്യക്തത കുറവ് ഉണ്ടായിരുന്നു. കർദ്ദിനാളിന് അടക്കം അയച്ച പരാതികളിൽ പീഡന വിവരം പരാമർശിക്കാതിരുന്നത് എന്തുകൊണ്ടെന്നായിരുന്നു പൊലീസിന്റെ ഒരു സംശയം. എന്നാൽ പുറത്തുള്ളവർ ഇത് അറിയേണ്ടതില്ലെന്ന് കരുതിയാണ് ഇക്കാര്യം മറച്ച് വെച്ചതെന്ന് കന്യാസ്ത്രീ പറയുന്നത് വിശ്വാസയോഗ്യമാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. എന്നാൽ കേസിലെ നിർണ്ണായക തെളിവുകൾ കണ്ടെത്താൻ ഇപ്പോഴും അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. പീഡനം നടന്ന സമയങ്ങളിൽ ഇരുവരും ഉപയോഗിച്ച ഫോണുകളാണ് കണ്ടെത്താൻ സാധിക്കാതിരുന്നത്.
അതേസമയം നോട്ടീസ് കിട്ടിയില്ലെന്ന ബിഷപ്പിന്റെ വാദം അംഗീകരിക്കാനാകില്ലെന്നും 19 ആം തിയതി 10 മണിക്ക് മുൻപ് ബിഷപ്പ് ഹാജരാകണമെന്നും എസ്.പി പറഞ്ഞു. ഇതിനിടെ കന്യാസ്ത്രീക്കെതിരെ മിഷണറീസ് ഓഫ് ജീസസിന്റെ അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നു. കന്യാസ്ത്രീ ബിഷപ്പിനൊപ്പം ഒരു ചടങ്ങിൽ പങ്കെടുക്കുന്ന ചിത്രം സഹിതമാണ് അന്വേഷണ റിപ്പോർട്ട് പുറത്ത് വിട്ടത്.