ഡി.വൈ.എഫ്.ഐ നേതാവിന്റെ ആത്മഹത്യ: സിപിഎം നേതാവിന്റെ മാനസികപീഡനം മൂലമെന്ന് ബന്ധുക്കള്‍
|തന്‍സീറിന്റെ വളര്‍ച്ചയില്‍ സി.പി.എം ഏരിയാ കമ്മറ്റിയംഗം സഞ്ജയന് തോന്നിയ അസൂയയാണ് മാനസിക പീഡനത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് ആരോപണം.
ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവിന്റെ ആത്മഹത്യ സംബന്ധിച്ച സംശയവുമായി ബന്ധുക്കള്‍. സി.പി.എം പ്രാദേശിക നേതാവിന്റെ മാനസിക പീഡനത്തെ തുടര്‍ന്നാണ് തിരുവനന്തപുരം തൊളിക്കോട് സ്വദേശി തന്‍സീര്‍ ആത്മഹത്യ ചെയ്തതെന്നാണ് പരാതി. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും ആരോപണം.
ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവും സി.പി.എം അംഗവുമായിരുന്ന തൊളിക്കോട് സ്വദേശി തന്‍സീര്‍ ആത്മഹത്യ ചെയ്തത് കഴിഞ്ഞ മെയ് 3 നാണ്. എസ്.എഫ്.ഐയുടെ സ്കൂള്‍ ലീഡറായിരുന്ന തന്‍സീര്‍ തൊളിക്കോട് ഡി.വൈ.എഫ്.ഐ, സി.പി.എം പ്രവര്‍ത്തനങ്ങളുടെ സംഘാടകനായിരുന്നു. തന്‍സീറിന്റെ വളര്‍ച്ചയില്‍ സി.പി.എം ഏരിയാ കമ്മറ്റിയംഗം സഞ്ജയന് തോന്നിയ അസൂയയാണ് മാനസിക പീഡനത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് ആരോപണം.
പ്രദേശത്തെ പ്രശ്നങ്ങള്‍ കാരണം തന്‍സീര്‍ ഒരു വര്‍ഷത്തോളം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഡ്രൈവറായി ജോലി ചെയ്തു. അവിടെ നിന്നും സഞ്ജയന്‍ പുറത്താക്കാന്‍ പ്രവര്‍ത്തിച്ചതായും ആരോപണമുണ്ട്. തുടര്‍ന്ന് പാലിയേറ്റീവ് പ്രവര്‍ത്തനവുമായി മുന്നോട്ടുപോയതും തടസപ്പെടുത്തിയതോടെയാണ് തന്‍സീറിന്റെ നില തെറ്റിയതെന്നാണ് പിതാവ് പറയുന്നത്. തന്‍സീര്‍ ആത്മഹത്യ ചെയ്യേണ്ട മറ്റു സാഹചര്യങ്ങളില്ലെന്ന നിലപാടാണ് പ്രദേശത്തെ പൊതുപ്രവര്‍ത്തകര്‍ക്കുമുള്ളത്.
തന്‍സീറിന്റെ പിതാവ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് വിതുര പൊലീസ് സംഭവം പരിശോധിച്ചിരുന്നു. ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്. ഇത് സഞ്ജയന്റെ സ്വാധീനത്തിന് കീഴടങ്ങിയാണെന്ന പരാതിയാണ് ബന്ധുക്കള്‍ക്കുള്ളത്. ദക്ഷിണ മേഖലാ എ.ഡി.ജി.പി, സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.