Kerala
എസ്.എഫ്.ഐക്കാരുടേയും സീനിയേഴ്‌സിന്റേയും റാഗിംഗ്, വിദ്യാര്‍ഥിനി പഠനം നിര്‍ത്തി
Kerala

എസ്.എഫ്.ഐക്കാരുടേയും സീനിയേഴ്‌സിന്റേയും റാഗിംഗ്, വിദ്യാര്‍ഥിനി പഠനം നിര്‍ത്തി

Web Desk
|
14 Sep 2018 10:11 AM GMT

കോളജില്‍ നടന്ന പ്രകടനത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കൊപ്പം മുദ്രാവാക്യം വിളിച്ചില്ലെന്ന് ആരോപിച്ചാണ് പെണ്‍കുട്ടിയെ ഹോസ്റ്റലില്‍വച്ച് റാഗിംഗിന്റെ പേരില്‍ ക്രൂരമായി മര്‍ദ്ദിച്ചതെന്ന്

റാഗിംങ്ങിന്റെ പേരില്‍ മര്‍ദ്ദനവും, ഭീഷണിയുമേറ്റ് പഠനം അവസാനിപ്പിച്ച് വിദ്യാര്‍ഥിനി. ഇടുക്കി വണ്ടിപ്പെരിയാര്‍ ഗവ. പോളിടെക്‌നിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ് എസ്.എഫ്.ഐ പ്രവര്‍ത്തകരുടെയും സീനിയര്‍ വിദ്യാര്‍ഥികളുടെയും ക്രൂര റാഗിംന് ഇരയായി പഠനം ഉപേക്ഷിച്ചത്. ആന്റി റാഗിംങ് സെല്ലിന് പരാതി നല്‍കണമെന്ന് പറഞ്ഞ് കോളജില്‍വിളിച്ചുവരുത്തി ഉപദ്രവിക്കാന്‍ ശ്രമമുണ്ടായെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.

ആലപ്പുഴ സ്വദേശികളായ ജോണ്‍സണ്‍, ലിന്‍സി ദമ്പതികളുടെ മകള്‍ കഴിഞ്ഞ ആഴ്ചയിലാണ് ഇടുക്കി വണ്ടിപ്പെരിയാര്‍ ഗവ. പോളിടെക്‌നിക്ക് കോളജില്‍ സ്‌പോട്ട് അഡ്മിഷിനിലൂടെ പ്രവേശനം നേടിയത്. കോളജില്‍ നടന്ന പ്രകടനത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കൊപ്പം മുദ്രാവാക്യം വിളിച്ചില്ലെന്ന് ആരോപിച്ചാണ് പെണ്‍കുട്ടിയെ ഹോസ്റ്റലില്‍വച്ച് റാഗിംഗിന്റെ പേരില്‍ ക്രൂരമായി മര്‍ദ്ദിച്ചതെന്ന് വീട്ടുകാര്‍ പറയുന്നു.

എസ്.എഫ്.ഐ പ്രവര്‍ത്തകരും സീനിയര്‍ വിദ്യാര്‍ഥികളുമാണ് മര്‍ദ്ദിച്ചതെന്നും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറഞ്ഞു. ആന്റി റാഗിംങ് സെല്ലിന് പരാതി നല്‍കണമെന്ന വ്യാജേന പെണ്‍കുട്ടിയെയും അച്ഛനെയും കഴിഞ്ഞ ദിവസം കോളജില്‍ വിളിച്ചു വരുത്തി ആക്രമിക്കാന്‍ ശ്രമമുണ്ടായതായും വീട്ടുകാര്‍ പരാതിപ്പെടുന്നു. കോളജ് പ്രിന്‍സിപ്പല്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്നും പെണ്‍കുട്ടിയുടെ പിതാവ് ആരോപിച്ചു.

മകളുടെ ജീവന് ഭീഷണിയുള്ളതിനാല്‍ വണ്ടിപ്പെരിയാര്‍ ഗവ. പോളിടെക്‌നിക്കല്‍ കോളജിലെ പഠനം ഉപേക്ഷിക്കുകയാണെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. കോളജിലെ മൂന്ന് വിദ്യാര്‍ഥിനികള്‍ക്കെതിരെയും ഹോസ്റ്റല്‍ വാര്‍ഡനെതിരെയും ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Related Tags :
Similar Posts