ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനപരാതി: ഇരയായ കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ച മിഷണറീസ് ഓഫ് ജീസസിനെതിരെ കേസ്
|ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ കന്യാസ്ത്രീകളുടെ സമരം എട്ടാം ദിവസത്തിലേക്ക്... 13 ജില്ലാ കേന്ദ്രങ്ങളിലേക്ക് കൂടി സമരം വ്യാപിപ്പിക്കാനൊരുങ്ങി സേവ് അവര്‍ സിസ്റ്റേഴ്സ് കൌണ്‍സില്‍
ജലന്ധര്‍ ബിഷപ്പിനെതിരായ ബലാത്സംഗ കേസില്‍ ഇരയായ കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ചതിന് മിഷണറീസ് ഓഫ് ജീസസിനെതിരെ കേസ്. കന്യാസ്ത്രീയുടെ സഹോദരന്റെ പരാതിയെ തുടർന്നാണ് നടപടി. കേസില്‍ കന്യാസ്ത്രീയുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും.
കന്യാസ്ത്രീകൾക്കെതിരെ മിഷണറീസ് ഓഫ് ജീസസ് സന്യാസ സഭ നടത്തിയ അന്വേഷണ റിപ്പോർട്ടിനൊപ്പമാണ് പരാതിക്കാരിയായ കന്യാസ്ത്രീയുടെ ചിത്രം മിഷണറീസ് ഓഫ് ജീസസ് പുറത്ത് വിട്ടത്. ചിത്രം പല മാധ്യമങ്ങളിലുടെയും പുറത്ത് വന്നതോടെ കന്യാസ്ത്രീയുടെ സഹോദരന്‍ പൊലീസില്‍ പരാതി നല്‍കി. തുടർന്ന് കോട്ടയം എസ്.പി, കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഉത്തരവിടുകയായിരുന്നു. കേസില്‍ കന്യാസ്ത്രീയുടെ മൊഴി എടുക്കാനും തീരുമാനിച്ചിട്ടുണ്ട്.
സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കേസുകളിൽ ചിത്രങ്ങൾ പ്രചരിപ്പിക്കരുതെന്ന് കർശന നിർദ്ദേശം പാലിക്കാതെയാണ് മിഷണറീസ് ഓഫ് ജീസസ് കന്യാസ്ത്രീയുടെ ചിത്രം പുറത്ത് വിട്ടത്. ചിത്രം പുറത്ത് വിട്ടതിനൊപ്പം കന്യാസ്ത്രീയെ മോശക്കാരിയാക്കുന്ന പ്രസ്താവനകളും സന്യാസ സഭ ഇറക്കിയിരുന്നു.
അതിനിടെ ജലന്ധർ ബിഷപ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തുന്ന സമരം ഇന്ന് എട്ടാം ദിവസത്തിലേക്ക് കടന്നു. പ്രതിഷേധം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി 13 ജില്ലാ കേന്ദ്രങ്ങളിലേക്ക് സമരം വ്യാപിപ്പിക്കാന്‍ സേവ് അവര്‍ സിസ്റ്റേഴ്സ് ആക്ഷന്‍ കൌണ്‍സില്‍ തീരുമാനിച്ചു. നീതി ലഭിക്കാന്‍ വൈകിയാല്‍ നിരാഹാരമിരിക്കുമെന്ന് ഇരയായ കന്യാസ്ത്രീയുടെ സഹോദരി പറഞ്ഞു.
എട്ടാം ദിവസമായ ഇന്ന് സമരവേദിയില്‍ വൈദിക-കന്യാസ്ത്രീ സംഗമം നടത്താനാണ് ആക്ഷന്‍ കൌണ്‍സില്‍ തീരുമാനിച്ചിരിക്കുന്നത്. ബിഷപ്പിനെ അറസ്റ്റ് ചെയ്യും വരെ സമരം തുടരുമെന്ന പ്രഖ്യാപനത്തില്‍ മാറ്റമില്ലെന്നും അവര്‍ ആവര്‍ത്തിച്ചു. മുന്‍ ദിവസങ്ങളിലേപ്പോലെ നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരും സാംസ്കാരിക പ്രവര്‍ത്തകരും ഇന്നും സമരവേദിയിലെത്തും. കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളും ഇന്ന് സമരത്തിനെത്തിയേക്കും. ഇരയുടെ ചിത്രം പുറത്തുവിട്ടതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഇന്നലെ സമര വേദിയിലുണ്ടായത്.
മിഷനറിസ് ഓഫ് ജീസസ് ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കന്യാസ്ത്രീകള്‍ പറഞ്ഞു. നീതി ലഭിക്കാന്‍ വൈകിയാല്‍ നിരാഹാരമിരിക്കുമെന്ന് ഇരയായ കന്യാസ്ത്രീയുടെ സഹോദരിയും വ്യക്തമാക്കി.
ബിഷപ്പിനെതിരെ പരാതി നല്‍കിയതിന്റെ പേരിൽ വേട്ടയാടപ്പെടുന്ന കന്യാസ്ത്രീക്കും സഹപ്രവർത്തകർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് വയനാട് സെക്യുലർ കലക്ടീവിന്റെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ചടങ്ങിൽ വയനാട്ടിലെ പ്രമുഖ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും പങ്കാളികളായി. എഴുത്തുകാരി സി. എസ്. ചന്ദ്രിക പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു
ഇന്നലെ ബത്തേരിയിൽ സെക്യുലർ കളക്ടീവിന്റെ ആഭിമുഖ്യത്തിലാണ് വയനാട്ടിലെ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും ഐക്യദാർഢ്യ സദസ് സംഘടിപ്പിച്ചത്.
സ്ത്രീകളുടെ വ്യക്തിത്വത്തെ തകര്‍ക്കുന്ന രീതിയിലുള്ള നീക്കത്തിനെതിരെ സമരം ചെയ്യാന്‍ കന്യസ്ത്രീകള്‍ കാണിച്ച ധൈര്യം അഭിനന്ദനാര്‍ഹമാണ്. സ്ത്രീകളെ ലൈംഗികമായി ഉപയോഗിക്കാനുള്ള വസ്തുവായിട്ടാണ് ഇന്നും ചിലര്‍ കാണുന്നത്. ഇതിനെതിരെ സമൂഹം ഉണരേണ്ടത് ആവശ്യമാണ്. കന്യാസ്ത്രീകളുടെ സമരം സ്ത്രീസമൂഹത്തിന്റെ ചരിത്ര മുന്നേറ്റമായി കാണണമെന്നും കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിച്ച പ്രശസ്ത എഴുത്തുകാരി സി.എസ്. ചന്ദ്രിക പറഞ്ഞു.
കന്യാസ്ത്രീകളുടെ സമരത്തെ അംഗീകരിക്കേണ്ടതിന് പകരം സഭാനേതൃത്വം എതിര്‍ക്കുന്നത് സഭകള്‍ക്ക് ചേര്‍ന്നതല്ലെന്നും ഇരയോടൊപ്പമാണ് നില്‍ക്കേണ്ടതെന്നും എഴുത്തുകാരനും ഡോക്യുമെന്ററി സംവിധായകനുമായ ഒ.കെ. ജോണി പറഞ്ഞു. അബ്രഹാം ബെന്‍ഹര്‍, ഹാരിസ് നെന്മേനി, പി.കെ. റെജി, വേലായുധന്‍ കോട്ടത്തറ, എം.എം. പുഷ്പ, കെ. സുലോചന തുടങ്ങി നിരവധി സാംസ്ക്കാരിക പ്രവര്‍ത്തകര്‍ കൂട്ടായ്മയില്‍ പങ്കെടുത്തു.