പന്നിയാര്‍കുട്ടി ഇന്ന് മണ്‍കൂന മാത്രം; ഉപജീവനമാര്‍ഗമില്ലാതെ പ്രദേശവാസികള്‍ പെരുവഴിയില്‍
|പ്രളയ കാലത്തെ ഉരുള്‍പൊട്ടലില്‍ ഇവിടെയുണ്ടായിരുന്ന കച്ചവട സ്ഥാപനങ്ങളും വീടുകളും അംഗന്‍വാടിയുമുള്‍പ്പെടെ എല്ലാം തൂത്തെറിയപ്പെട്ടു.
സാധാരണഗതിയിലേക്ക് മടങ്ങിവരാനാകാത്ത വിധം തകര്‍ന്നുപോയ ഒരു കുടിയേറ്റ പ്രദേശമാണ് ഇടുക്കി ജില്ലയിലെ പന്നിയാര്‍കുട്ടി. പ്രളയ കാലത്തെ ഉരുള്‍പൊട്ടലില്‍ ഇവിടെയുണ്ടായിരുന്ന കച്ചവട സ്ഥാപനങ്ങളും വീടുകളും അംഗന്‍വാടിയുമുള്‍പ്പെടെ എല്ലാം തൂത്തെറിയപ്പെട്ടു. കച്ചവടത്തിലൂടെ ഉപജീവനം കണ്ടെത്തിയിരുന്ന പലരും ഇന്നും പെരുവഴിയിലാണ്.
പൊന്‍മുടിക്കും വെള്ളത്തൂവലിനും നടുവിലെ പ്രദേശമായ പന്നിയാര്‍കുട്ടി ഇന്ന് പാറക്കല്ലും മണ്ണും നിറഞ്ഞ് അക്ഷരാര്‍ഥത്തില്‍ ഒരു മണ്‍കൂന മാത്രമാണ്. പുഴയ്ക്ക് ഇരുവശവും പുതിയ ഏതോ പ്രദേശം രൂപം കൊണ്ട കാഴ്ച. പത്തോളം കച്ചവടസ്ഥാപനങ്ങളും വീടുകളും അംഗന്‍വാടിയും മൃഗാശുപത്രിയും അടക്കം എല്ലാം നിലംപരിശായി. പലരും ഇന്നും ദുരിതാശ്വാസ ക്യാമ്പുകളില്‍ തന്നെ. ക്യാമ്പ് വിട്ടവര്‍ക്കാകട്ടെ വീടും രേഖകളും കച്ചവടസ്ഥാപനങ്ങളും അടക്കം സര്‍വതും നഷ്ടപ്പെട്ടു.
പൊന്‍മുടി ഡാമില്‍ നിന്ന് ഒഴുകുന്ന പന്നിയാര്‍ പുഴയിലേക്ക് മലയുടെ ഒരു വലിയ ഭാഗം പതിച്ചതോടെ പുഴയുടെ ഗതി തന്നെ മാറിയാണ് ഒഴുകുന്നത്. ഏക്കര്‍ കണക്കിന് കൃഷിയിടം പന്നിയാര്‍കുട്ടിയില്‍ ഒലിച്ചുപോയി. സര്‍ക്കാര്‍ വാഗ്ദാനങ്ങളും ഇതുവരെ പന്നിയാര്‍കുട്ടിയിലെ പ്രദേശവാസികളിലേക്ക് എത്തിയിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.