പാലക്കാട് പെരുവമ്പ് സി.എ സ്കൂളിൽ ജോലി ചെയ്യാത്ത അധ്യാപകരുടെ പേരിൽ ശമ്പളം വാങ്ങിയതാര്?
|സി.എ സ്കൂളിൽ പഠിപ്പിച്ചിരുന്ന അധ്യാപകർക്ക് ശമ്പളം നൽകുന്നില്ലെന്നും പകരം 6 വ്യാജ അധ്യാപകര്‍ സ്കൂളിന്റെ പേരില്‍ ശമ്പളം കൈപറ്റിയെന്നും കണ്ടെത്തിയത് ഹയർ സെക്കണ്ടറി മേഖല ഉപഡയറക്ടറുടെ റിപ്പോര്‍ട്ട്
പാലക്കാട് പെരുവമ്പ് സി.എ സ്കൂളിൽ ഗുരുതരമായ നിയമ ലംഘനങ്ങൾ നടന്നതായി വിവിധ അന്വേഷണ റിപ്പോർട്ടുകൾ തെളിയിക്കുന്നു. ജോലി ചെയ്യാത്ത അധ്യാപകരുടെ പേരിൽ ശമ്പളം വാങ്ങിയ ക്രമക്കേട് കണ്ടെത്തി പണം തിരിച്ചടിപ്പിച്ചിട്ടും ആര്‍ക്കെതിരെയും നടപടിയുണ്ടായില്ല. ഹയർ സെക്കണ്ടറി വിഭാഗത്തിലെ നിയമനങ്ങളില്‍ വിജിലൻസ് അന്വേഷണം വേണമെന്ന ധനകാര്യ വിജിലൻസ് ശിപാർശ ഇതുവരെ നടപ്പിലായില്ല.
സര്‍വത്ര ക്രമക്കേടും തട്ടിപ്പുകളും നടക്കുന്ന പാലക്കാട് പെരുവമ്പ് സി.എ സ്കൂളിനെക്കുറിച്ച് മൂന്ന് സുപ്രധാന റിപ്പോര്‍ട്ടുകളാണ് സര്‍ക്കാറിന്‍റെ മുന്നിലുള്ളത്. സി.എ സ്കൂളിൽ പഠിപ്പിച്ചിരുന്ന അധ്യാപകർക്ക് ശമ്പളം നൽകുന്നില്ലെന്നും പകരം 6 വ്യാജ അധ്യാപകര്‍ സ്കൂളിന്റെ പേരില്‍ ശമ്പളം കൈപറ്റിയെന്നും കണ്ടെത്തിയത് ഹയർ സെക്കണ്ടറി മേഖല ഉപഡയറക്ടറുടെ റിപ്പോര്‍ട്ട്. ഈ പണം സര്‍ക്കാര്‍ തിരിച്ചുപിടിച്ചിട്ടും ആള്‍മാറാട്ടം നടത്തിയവര്‍ക്കോ അതിന് കൂട്ടുനിന്ന മാനേജര്‍ സജിത്ത് ഹംസക്കോ എതിരെ നടപടിയുണ്ടായില്ലെന്ന് കണ്ടെത്തിയത് ഹയർ സെക്കണ്ടറി അക്കൌണ്ട്സ് ഓഫീസര്‍. വ്യാജ അധ്യാപകര്‍ക്കെതിരെ സ്കൂള്‍ മാനേജ്മെന്റ് പരാതി കൊടുത്തുമില്ല.
നേരത്തെയുണ്ടായിരുന്ന അധ്യാപകരെ വ്യാജരേഖ ഉണ്ടാക്കി പുറത്താക്കിയതിന്റെ തെളിവുകളും അക്കൗണ്ട്സ് ഓഫീസറുടെ റിപ്പോർട്ടിലുണ്ട്. ഇതിനായി അറ്റന്റന്‍സ് റജിസ്റ്റർ തിരുത്തി. പ്രിൻസിപ്പല്‍ ചുമതല വഹിക്കുന്ന ഭാഗ്യനാഥനെ മാറ്റണമെന്ന ശിപാര്‍ശയിലും നടപടിയുണ്ടായില്ല. വിദ്യാര്‍ഥികളുടെ സ്പെഷൽ ഫീസില്‍ നടന്ന തിരിമറിയും പിടികൂടിയിട്ടുണ്ട്.
മൂന്ന് അന്വേഷണ റിപ്പോർട്ടും, പൊലീസ് പരാതിയും ഉണ്ടായിട്ടും സി.എ സ്കൂളിനെതിരെ നടപടി ഉണ്ടാകാത്തതിന് കാരണം ഉന്നത രാഷ്ട്രീയ ബന്ധമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.