ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ചോദ്യം ചെയ്യാനുള്ള ഒരുക്കങ്ങള്‍ സജീവമാക്കി പൊലീസ്
|മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ബിഷപ്പ് ഉടന്‍ കോടതിയെ സമീപിച്ചേക്കും. ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരം 11ാം ദിവസത്തിലേക്ക്:
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് ചോദ്യാവലി തയ്യാറാക്കി. കഴിഞ്ഞ തവണ നല്‍കിയ മൊഴിയിലെ വൈരുധ്യങ്ങളും സാക്ഷിമൊഴികളും ഉൾപ്പെടുത്തിയാണ് ചോദ്യാവലി. അന്വേഷണ ഉദ്യോഗസ്ഥൻ തയ്യാറാക്കിയ ചോദ്യങ്ങൾ മേലുദ്യോഗസ്ഥരുടെ അനുമതിക്കായി കൈമാറി.
ബിഷപ്പിനെ ജലന്ധറിൽ എത്തി ചോദ്യം ചെയ്തെങ്കിലും പല കാര്യങ്ങളിലും വൈരുധ്യങ്ങൾ നിലനിന്നിരുന്നു. ഇക്കാര്യങ്ങൾ കന്യാസ്ത്രീയോട് ചോദിച്ച് വ്യക്തത വരുത്തുകയും ബന്ധപ്പെട്ട തെളിവുകൾ ശേഖരിക്കുകയും ചെയ്ത ശേഷമാണ് ബിഷപ്പിനെ വീണ്ടും ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചത്. അതുകൊണ്ട് തന്നെ ഈ വൈരുധ്യങ്ങളിൽ ബിഷപ്പ് എന്ത് മറുപടി പറയും എന്നാണ് പൊലീസ് നോക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡി.വൈ.എസ്.പി തയ്യാറാക്കിയ ചോദ്യാവലി ഇന്നലെ കോട്ടയം എസ്.പിക്ക് കൈമാറി. എസ്.പിയും ഐ.ജിയും ചോദ്യാവലി വിശദമായി പരിശോധിക്കുകയും ചെയ്തു. ചോദ്യം ചെയ്യലിൽ പൊരുത്തകേടുകൾ ഉണ്ടായാൽ ബിഷപ്പിന്റെ അറസ്റ്റ് ഉണ്ടായേക്കാം. അതുകൊണ്ട് തന്നെ ചോദ്യം ചെയ്യൽ രണ്ട് ദിവസമെങ്കിലും നീണ്ടുപോയേക്കാം. ചോദ്യം ചെയ്യലിനായി കോട്ടയം ജില്ലയിൽ 3 സ്ഥലങ്ങൾ പൊലീസ് ക്രമീകരിച്ചിട്ടുണ്ട്. വൈക്കത്ത് ഡി.വൈ.എസ്.പി ഓഫീസിൽ ഹാജരായാൽ ബിഷപ്പിനെ പൊലീസ് സംരക്ഷണത്തിൽ ചോദ്യം ചെയ്യുന്ന സ്ഥലത്തേക്ക് എത്തിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്.
അതിനിടെ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കൊച്ചിയിൽ കന്യാസ്ത്രീകൾ നടത്തുന്ന സമരം പതിനൊന്നാം ദിവസത്തിലേക്ക് കടന്നു. പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരിയും ഇന്നലെ മുതൽ നിരാഹാര സമരത്തിലാണ്. അതേസമയം മുൻകൂർ ജാമ്യാപേക്ഷയുമായി ഫ്രാങ്കോ മുളയ്ക്കൽ ഉടൻ കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന.
ബഹുജന പങ്കാളിത്തത്തോടെ സമരം ശക്തിപ്പെടുത്തിയതിന് പിന്നാലെ കൂടുതൽ ശക്തമായ പ്രതിഷേധ പരിപാടികൾ ഒരുക്കാനുള്ള ശ്രമത്തിലാണ് സമരസമിതി. ബിഷപ്പിന്റെ അറസ്റ്റിനായുള്ള സമ്മർദം ശക്തിപ്പെടുത്താൻ സമരത്തിനായെന്നാണ് സേവ് അവർ സിസ്റ്റേഴ്സ് സമരസമിതിയുടെ നിലപാട്. സാമൂഹിക, സാംസ്കാരിക രംഗത്തെ വ്യത്യസ്ത വിഭാഗം ആളുകളുടെ സജീവ പിന്തുണയാണ് സമരത്തിന് ലഭിക്കുന്നത്. അതേസമയം മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കാനുള ശ്രമങ്ങൾ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ സജീവമാക്കി. നിയമ വിദഗ്ദരുമായി ഇതിനായുള്ള ചർച്ച പൂർത്തിയാക്കിയെന്നാണ് സൂചന. ബിഷപ്പിനെ ചോദ്യം ചെയ്യാനുള്ള ഒരുക്കങ്ങൾ അന്വേഷണ സംഘം പുർത്തിയാക്കായിട്ടുണ്ട്. ചോദ്യം ചെയ്യലിന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കാനും തീരുമാനമായിട്ടുണ്ട്.