പാലക്കാട് പെരുവമ്പ് സി.എ സ്കൂളിലെ ക്രമക്കേടുകള്‍ക്ക് കൂട്ടുനില്‍ക്കുന്നത് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്
|ഹയര്‍ സെക്കന്‍ഡറി അക്കൊണ്ട്സ് ഓഫീസറുടെ റിപ്പോര്‍ട്ടില്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജായ ആര്. ഭാഗ്യനാഥന്റെ വീഴ്ചകള്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്
പാലക്കാട് പെരുവമ്പ് സി.എ സ്കൂളിലെ ക്രമക്കേടുകള്‍ക്ക് കൂട്ടുനില്‍ക്കുന്നത് പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജായ ആര് ഭാഗ്യനാഥ് ആണെന്ന് ഹയര്‍സെക്കന്‍ഡറി ഫിനാന്‍സ് വിഭാഗത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് . പ്രിന്‍സിപ്പലിനെ മാറ്റണമെന്ന് അക്കൌണ്ട്സ് ഓഫീസര്‍ ശിപാര്‍ശ ചെയ്തിട്ടും ഭാഗ്യനാഥ് തല്‍സ്ഥാനത്ത് തുടരുകയാണ്. ഹൈസ്കൂള്‍ അധ്യാപകനായിരുന്ന സമയത്ത് ഭാഗ്യനാഥന് അനധികൃതമായി ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പലായി ജോലി ചെയ്തുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഹയര്‍ സെക്കന്‍ഡറി അക്കൊണ്ട്സ് ഓഫീസറുടെ റിപ്പോര്‍ട്ടില്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജായ ആര്. ഭാഗ്യനാഥന്റെ വീഴ്ചകള്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. ഹൈസ്കൂള്‍ അധ്യാപകനായിരുന്ന കാലയളവില്‍ ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പലിന്റെ വ്യാജ ഒപ്പ് ട്രഷറി ബില്‍ ബുക്കില്‍ ഇട്ടുനല്‍കി. വ്യാജ പ്രിന്‍സിപ്പലിന്റെ ഒപ്പില്‍ വ്യാജ അധ്യാപകര്‍ സര്‍ക്കാര്‍ ശമ്പളം വാങ്ങുകയും ചെയ്തു. ഇത് പിന്നീട് തിരിച്ച് അടപ്പിച്ചു.
അധ്യാപകരെ നിയമനത്തിലും ഗുരുതര ക്രമകേടുകള്‍ നടത്തി. അതായത് ഹൈസ്കൂള്‍ അധ്യാപകനായിരുന്ന ഭാഗ്യനാഥന് ഹയര്‍സെക്കന്‍ഡറി അധ്യാപകരെ നിയമിക്കുന്നതിനുള്ള രേഖകളില്‍ പ്രിന്‍സിപ്പലിന്റെ ഒപ്പിട്ടു. ഹാജര്‍ പുസ്തകത്തില്‍ ഒറ്റ ദിവസം ഒരേ മഷി കൊണ്ട് ഒപ്പിട്ടതായും ആർ.ഡി.ഡി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ആർ ഭാഗ്യനാഥന്റെ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ കൃത്യമായി പരിശോധിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ആര് ഭാഗ്യനാഥന്റെ ഭാഗത്തുനിന്നും ഗുരുതര ക്രിമിനല്‍ കുറ്റം ഉണ്ടായിട്ടുണ്ടെന്ന് പരിശോധന റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടും നിയമ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് മാത്രമല്ല തല്‍സ്ഥാനത്ത് തുടരുകയും ചെയ്യുന്നു. മറ്റ് അധ്യാപകരുടെ സീനിയോറിറ്റി മറികടന്നാണ് മാനേജ്മെന്റ് ഭാഗ്യനാഥന് പ്രിന്‍സിപ്പലിന്റെ ചുമതല നല്‍കിയത്. ഭാഗ്യനാഥനെ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജില്‍ നിന്നും മാറ്റണമെന്ന് അക്കൊണ്ട്സ് ഓഫീസർ പ്രത്യേകം നിര്‍ദേശിക്കുന്നുണ്ട്.