പ്രളയക്കെടുതി വിലയിരുത്താന്‍ കേന്ദ്രസംഘം നാളെ കേരളത്തിലെത്തും
|ഈ സംഘം നല്കുന്ന ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് അധ്യക്ഷനായ ഉന്നത സമതി ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് ധനസഹായം അനുവദിക്കുക
പ്രളയക്കെടുതി വിലയിരുത്താനുള്ള കേന്ദ്രസംഘം നാളെ കേരളത്തില്‍ എത്തും. അഞ്ച് ദിവസം കേന്ദ്ര സംഘം കേരളത്തിലുണ്ടാകും. സംഘം തയ്യാറാക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളത്തിനുള്ള അധിക സഹായം സംബന്ധിച്ച തീരുമാനം കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പ്രളയസഹായധനം മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.
ആദ്യഘട്ടത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സന്ദര്‍ശനം നടത്തിയപ്പോള്‍ കേരളത്തിന് നൂറ് കോടി ലഭിച്ചു. പ്രളയം രൂക്ഷമായപ്പോള്‍ പ്രധാനമന്ത്രി നടത്തിയ സന്ദര്‍ശനത്തില്‍ അഞ്ഞൂറ് കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു. എന്നാല്‍ ധനസഹായം അപമര്യാതയാണെന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.
പ്രളയത്തില്‍ തകര്‍ന്ന സ്ഥലങ്ങള്‍ സംഘം നേരിട്ട് സന്ദര്‍ശിച്ച് നാശനഷ്ടത്തിന്റെ ആഴം വിലയിരുത്തും. ഈ സംഘം നല്കുന്ന ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് അധ്യക്ഷനായ ഉന്നത സമതി ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് ധനസഹായം അനുവദിക്കുക. പ്രളയക്കെടുതി വിലയിരുത്തി കേരളം കഴിഞ്ഞയാഴ്ച സമര്‍പ്പിച്ച നിവേദനത്തില്‍ 4700 കോടി രൂപയുടെ അധിക സഹായം അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പ്രളയസഹായധനം മറ്റു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ആഗസ്റ്റ് 14 മുതല്‍ കിട്ടിയ പണം മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കില്ലെന്നും പണം ട്രഷറിയിലേക്ക് മാറ്റിയെന്നും സര്‍ക്കാര്‍ പറഞ്ഞു. നഷ്ടപരിഹാരം കണക്കാക്കാനുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് രജിസ്ട്രേഷന് നിര്‍ബന്ധമാക്കിയതായും ഇവരെ നിരീക്ഷിക്കാന്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചതായും സര്‍ക്കാര്‍ കോടതിയെ ധരിപ്പിച്ചു