Kerala
കട്ടിപ്പാറക്കാര്‍ക്ക് സര്‍ക്കാര്‍ വാടക നല്‍കിയില്ലെങ്കില്‍ ജനകീയ കമ്മിറ്റി നല്‍കുമെന്ന് എം.എല്‍.എ
Kerala

കട്ടിപ്പാറക്കാര്‍ക്ക് സര്‍ക്കാര്‍ വാടക നല്‍കിയില്ലെങ്കില്‍ ജനകീയ കമ്മിറ്റി നല്‍കുമെന്ന് എം.എല്‍.എ

Web Desk
|
19 Sep 2018 2:37 AM GMT

ഫയലുകള്‍ നീങ്ങുന്നതിലെ സ്വാഭാവിക കാലതാമസമാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് സ്ഥലം എം.എല്‍.എയുടെ നിലപാട്

കോഴിക്കോട് കട്ടിപ്പാറ ദുരന്തത്തിന് ഇരയായവര്‍ താമസിക്കുന്ന വീടിന് ഈ മാസം 30ആം തീയതിക്കകം സര്‍ക്കാര്‍ വാടക നല്‍കിയില്ലെങ്കില്‍ ജനകീയ കമ്മിറ്റി നല്‍കുമെന്ന് കൊടുവള്ളി എം.എല്‍.എ കാരാട്ട് റസാഖ്. ഫയലുകള്‍ നീങ്ങുന്നതിലെ സ്വാഭാവിക കാലതാമസമാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് സ്ഥലം എം.എല്‍.എയുടെ നിലപാട്. ദുരന്തം നടന്ന് മൂന്ന് മാസം കഴിഞ്ഞിട്ടും ഇരകള്‍ താമസിക്കുന്ന വീടിന് സര്‍ക്കാര്‍ വാടക നല്‍കാത്തത് മീഡിയവണ്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മൂന്ന് മാസം കഴിഞ്ഞു കട്ടിപ്പാറ കരിഞ്ചോലമലയില്‍ ഉരുള്‍പൊട്ടലുണ്ടായി 14 പേര്‍ മരിച്ചിട്ട്. ഇവരുടെ കുടുംബാംഗങ്ങളെല്ലാം കട്ടിപ്പാറ വില്ലേജ് ഉദ്യോഗസ്ഥര്‍ എടുത്ത് നല്‍കിയ വാടക വീടുകളിലാണ് താമസം. ദുരന്തത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നവരും വാടക വീടുകളിലാണുള്ളത്. ഇനിയൊരു ദുരന്തം ഒഴിവാക്കാന്‍ വേണ്ടി അപകട സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് കുടുംബങ്ങളെ ഒഴിപ്പിച്ച് വാടക വീടുകളിലേക്ക് നീക്കിയിട്ടുണ്ട്. പക്ഷെ ഇവരുടെയാന്നും വീടിന് സര്‍ക്കാര്‍ വാടക നല്‍കാന്‍ ഇതുവരെ തയ്യാറായിട്ടില്ല.

ഈ സാഹചര്യത്തിലാണ് ഇരകളുടെ പ്രതിഷേധം ഒഴിവാക്കാന്‍ പൊതുജനങ്ങളില്‍ നിന്ന് പിരിച്ചെടുത്ത പണത്തില്‍ നിന്ന് വാടക നല്‍കാന്‍ തീരുമാനിച്ചത്. പ്രദേശത്തെ മറ്റ് അടിസ്ഥാന സൌകര്യ പ്രശ്നങ്ങളും ഉടന്‍ പരിഹരിക്കുമെന്നാണ് എം.എല്‍.എയുടെ നിലപാട്.

Related Tags :
Similar Posts