Kerala
പ്രളയത്തിൽ നാശനഷ്ടം സംഭവിച്ച വീടുകളുടെ സർവേ പുരോഗമിക്കുന്നു
Kerala

പ്രളയത്തിൽ നാശനഷ്ടം സംഭവിച്ച വീടുകളുടെ സർവേ പുരോഗമിക്കുന്നു

Web Desk
|
19 Sep 2018 1:45 AM GMT

പ്രളയ ദുരന്തത്തിനിരയായവരിൽ അഞ്ചര ലക്ഷം പേർക്കാണ് ഇതുവരെയായി അടിയന്തര ധനസഹായം വിതരണം ചെയ്തത്.

പ്രളയത്തിൽ നാശനഷ്ടം സംഭവിച്ച വീടുകളുടെ സർവേ പുരോഗമിക്കുന്നു. 1.79 ലക്ഷം വീടുകളുടെ സർവേ പൂർത്തിയായതായി സർക്കാർ അറിയിച്ചു. പ്രളയ ദുരന്തത്തിനിരയായവരിൽ അഞ്ചര ലക്ഷം പേർക്കാണ് ഇതുവരെയായി അടിയന്തര ധനസഹായം വിതരണം ചെയ്തത്.

പ്രളയ ദുരന്തത്തിനിരയായവർക്കുളള 10000 രൂപയുടെ അടിയന്തര ധനസഹായ വിതരണം ഭാഗികമായി പൂർത്തിയായെന്നാണ് സർക്കാർ വിശദീകരണം. ഇതുവരെയായി അഞ്ചര ലക്ഷം പേർക്ക് സഹായധനം വിതരണം ചെയ്തു കഴിഞ്ഞു. മരിച്ചവർക്കുളള സഹായം മുന്നൂറോളം കുടുംബങ്ങൾക്ക് നൽകിയിട്ടുണ്ട്. അനന്തരാവകാശ സർട്ടിഫിക്കറ്റ് പോലുളള രേഖകൾ ലഭ്യമാക്കിയിട്ടില്ലാത്തവർക്ക് മാത്രമാണ് ആനുകൂല്യം നൽകാൻ ബാക്കിയുളളത്. 80,461 വീട്ടമ്മമാർക്ക് കുടുംബശ്രീ മുഖേന ഒരു ലക്ഷം രൂപയുടെ പലിശ രഹിത വായ്പ നൽകാനുളള നടപടികൾ പൂർത്തിയായിക്കഴിഞ്ഞതായും സർക്കാർ അറിയിച്ചു.

വീടുകളുടെ നാശനഷ്ടം സംബന്ധിച്ച് ഐ.ടി വകുപ്പ് നടത്തുന്ന ഡിജിറ്റൽ സർവേയും പുരോഗമിക്കുകയാണ്. 1,79,000 വീടുകളിൽ സർവേ പൂർത്തിയായി കഴിഞ്ഞു. 50000 വീടുകളുടെ വെരിഫിക്കേഷനും അവസാനിച്ചു. പ്രളയദുരന്തത്തിൽപ്പെട്ടവർക്കായി സംസ്ഥാനത്ത് നിലവിൽ 80 ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. 787 കുടുംബങ്ങളിലായി 2457 പേർ ഇപ്പോഴും ക്യാമ്പുകളിൽ കഴിയുന്നതായും സർക്കാർ അറിയിച്ചു.

Related Tags :
Similar Posts