Kerala
കണ്ണൂരില്‍ ആദ്യ യാത്രാവിമാനം പറന്നിറങ്ങി
Kerala

കണ്ണൂരില്‍ ആദ്യ യാത്രാവിമാനം പറന്നിറങ്ങി

Web Desk
|
20 Sep 2018 6:15 AM GMT

തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിന്റെ 189 സീറ്റുകളുള്ള ബോയിങ് 738 വിമാനമാണ് മട്ടന്നൂരിൽ എത്തിയത്

നിർമാണം അന്തിമഘട്ടത്തിൽ എത്തിനിൽക്കുന്ന കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന്റെ റൺവേയിൽ വലിയ യാത്രാവിമാനം പറന്നിറങ്ങി. എയർ ഇന്ത്യ എക്സ്പ്രസിന്റെ 189 സീറ്റുള്ള ബോയിങ് വിമാനമാണ് ഇറങ്ങിയത്.

ഇന്ന് രാവിലെ 9.57ഓടെയാണ് വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ടത്. 10.25ഓടെ വിമാനം കണ്ണൂര്‍ വിമാനത്താവളത്തിന് മുകളിലെത്തി. ആറ് തവണ വിമാനത്താവളത്തിന് മുകളില്‍ വട്ടമിട്ട് പറന്ന് റണ്‍വേയിലിറങ്ങി.

വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത വിമാനത്തെ ഫയർ ആൻഡ് റസ്ക്യൂ വിഭാഗം വാട്ടർ സല്യൂട്ട് നൽകിയാണ് സ്വീകരിച്ചത്. സാങ്കേതിക വിദഗ്ധരുടെയും കിയാൽ ഉന്നതോദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു യാത്രാ വിമാനത്തിന്റെ പരീക്ഷണ ലാൻഡിംഗ്. ആദ്യമായി കണ്ണൂരിൽ യാത്രാവിമാനം ഇറക്കിയ പൈലറ്റുമാരും സംതൃപ്തരായിരുന്നു.

യാത്രാവിമാനമിറക്കിയുള്ള പരിശോധന പൂർത്തിയായ ശേഷം അടുത്ത ദിവസങ്ങളിൽ തന്നെ ഡി.ജി.സി.എ സംഘം ഡൽഹിയിലെത്തി വ്യോമയാന മന്ത്രാലയത്തിന് പരിശോധനാ റിപ്പോർട്ട് കൈമാറും. വിമാനത്താവളത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ അന്തിമ പരിശോധന കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. ഈ മാസം 29ന് ചേരുന്ന കിയാൽ യോഗം വിമാനത്താവളത്തിന്റെ ഉദ്ഘാടന തീയതി പ്രഖ്യാപിച്ചേക്കും.

Similar Posts