ആദിവാസി ഊരിലെ അപൂര്‍വ്വരോഗം സ്കീബീസ് ആണെന്ന് സ്ഥിരീകരണം: ആശങ്ക വേണ്ടെന്ന് ഡോക്ടര്‍മാര്‍
|കൊല്ലം കുളത്തുപ്പുഴ പഞ്ചായത്തിലെ കടമാന്‍ങ്കോട് കുഴവിതോട്, മൊക്ക ആദിവാസി കോളനികളിലാണ് ശരീരം ചൊറിഞ്ഞ് പൊട്ടുന്ന പകര്‍ച്ചവ്യാധി വ്യാപകമായി പിടിപെട്ടത്.
കൊല്ലം കുളത്തുപ്പുഴ പഞ്ചായത്തിലെ കടമാന്‍കോട് ആദിവാസി കോളനിയില്‍ പടര്‍ന്നു പിടിക്കുന്നത് സ്കീബീസ് രോഗമാണെന്ന് കണ്ടെത്തി. ചെറിയതരം പാരാസൈറ്റുകളാണ് രോഗം പടര്‍ത്തുന്നത്. രോഗം ബാധിച്ചവരില്‍ നിന്ന് ശേഖരിച്ച രക്തസാമ്പിളുകള്‍ വിദഗ്ധ പരിശോധനക്ക് അയച്ചിട്ടുണ്ട്.
കടമാന്‍ങ്കോട് കുഴവിതോട്, മൊക്ക ആദിവാസി കോളനികളിലാണ് ശരീരം ചൊറിഞ്ഞ് പൊട്ടുന്ന പകര്‍ച്ചവ്യാധി വ്യാപകമായി പിടിപെട്ടത്. കഴിഞ്ഞ ദിവസം നടന്ന മെഡിക്കല്‍ ക്യാമ്പിലാണ് സ്കീബീസ് എന്ന രോഗമാണ് കോളനികളില്‍ പടര്‍ന്നുപിടിക്കുന്നതെന്ന് കണ്ടെത്തിയത്. പെട്ടെന്ന് പടര്‍ന്നു പിടിക്കുന്ന രോഗം ബാധിക്കുന്നവരുടെ ശരീരത്തില്‍ ശക്തമായ ചൊറിച്ചിലനുഭവപ്പെടുകയും നീര് വെക്കുകയും ചെയ്യും. കുട്ടികളിലാണ് രോഗം പെട്ടെന്ന് പടരുന്നത്. രണ്ട് ഡോക്ടര്‍മാര്‍ അടങ്ങുന്ന പത്തംഗ മെഡിക്കല്‍ സംഘം കോളനിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ശക്തമായ ചൊറിച്ചില്‍ അനുഭവപ്പെടുമെങ്കിലും ആശങ്കപ്പെടേണ്ട രോഗമല്ലെന്ന് മെഡിക്കല്‍ സംഘം അറിയിച്ചു.
സ്കിന്‍വിഭാഗത്തിലെ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ഊരുകളില്‍ വീണ്ടും മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. രോഗം പടര്‍ന്ന് പിടിച്ചിട്ടും മെഡിക്കല്‍ ക്യാമ്പ് നടത്താന്‍ രണ്ടാഴ്ചത്തോളം വൈകിയത് പ്രതിഷേധത്തിനും ഇടയാക്കി.