Kerala
ഗ്രൂപ്പ് രാഷ്ട്രീയത്തിന് അതീതന്‍; മുല്ലപ്പള്ളി എന്നും നേതൃത്വത്തിന്‍റെ വിശ്വസ്തന്‍
Kerala

ഗ്രൂപ്പ് രാഷ്ട്രീയത്തിന് അതീതന്‍; മുല്ലപ്പള്ളി എന്നും നേതൃത്വത്തിന്‍റെ വിശ്വസ്തന്‍

Web Desk
|
20 Sep 2018 2:01 AM GMT

ആദർശത്തിലും നിലപാടുകളിലും മായം ചേർക്കാത്ത മുല്ലപ്പള്ളി കോൺഗ്രസിലെ ഗ്രൂപ്പ് മാനേജർമാർക്ക് പലപ്പോഴും സ്വീകാര്യനായിരുന്നില്ല

വിദ്യാർഥി രാഷ്ട്രീയത്തിലൂടെ വളർച്ചയുടെ പടവുകൾ കയറിയതാണ് മുല്ലപ്പള്ളി രാമചന്ദ്രന്റ രാഷ്ട്രീയ ജീവിതം. ആദർശത്തിലും നിലപാടുകളിലും മായം ചേർക്കാത്ത മുല്ലപ്പള്ളി കോൺഗ്രസിലെ ഗ്രൂപ്പ് മാനേജർമാർക്ക് പലപ്പോഴും സ്വീകാര്യനായിരുന്നില്ല. അതിനെ കൂടി അതിജീവിച്ചാണ് മുല്ലപ്പള്ളിയുടെ സ്ഥാനാരോഹണം.

മലബാറിലെ കെ.എസ്.യുവിന്റെ തീപ്പൊരി നേതാവായി തുടക്കം. മടപ്പള്ളിയിലെ പഠന കാലത്ത് രാഷ്ട്രീയ എതിരാളികളുടെ നിരന്തര മർദ്ദനം ഏറ്റുവാങ്ങിയിട്ടും മുല്ലപ്പള്ളിയിലെ പോരാളി പതറിയില്ല. ഫറൂഖ് കോളേജിൽ വിലക്ക് ലംഘിച്ച് യൂണിറ്റ് രൂപീകരിച്ചപ്പോൾ ജയിലിലും അടക്കപ്പെട്ടു. കെ.എസ്.യു ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് പദവികൾ വഹിച്ച മുല്ലപ്പള്ളി 1968 ൽ കാലിക്കറ്റ് സർവ്വകലാശാല യൂണിയനേയും നയിച്ചു. 1978ൽ പാർട്ടി പിളർന്നപ്പോൾ യൂത്ത് കോൺഗ്രസ് അധ്യക്ഷനുമായി. 1984ൽ കണ്ണൂരിൽ നിന്ന് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ അഞ്ച് ടേം കണ്ണൂരിനെ പ്രതിനിധീകരിച്ച മുല്ലപ്പള്ളി 2009ൽ വടകരയിൽ അട്ടിമറി ജയം നേടി ഇടത് കോട്ടകളെ ഞെട്ടിച്ചു. 2014ൽ ജയം ആവർത്തിച്ചു.

കെ.പി.സി.സി ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് പദവികൾ വഹിച്ച മുല്ലപ്പള്ളി എ.ഐ.സി.സി ജോയിന്റ് സെക്രട്ടറിയുമായി. 2009ൽ മൻമോഹൻ സിങ് മന്ത്രിസഭയിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി പദവിയും മുല്ലപ്പള്ളിക്ക് ലഭിച്ചു. എ.ഐ.സി.സി തെരഞ്ഞെടുപ്പ് സമിതി ചെയർമാനായി രാഹുൽ ഗാഡിയെ അധ്യക്ഷനായി നിയമിച്ച തെരഞ്ഞെടുപ്പ് നടപടികളും നിയന്ത്രിച്ചു.

സംസ്ഥാന കോൺഗ്രസിൽ ഗ്രൂപ്പ് മാനേജർമാർ കളം വാണപ്പോൾ തന്ത്രപൂർവം ഗ്രൂപ്പ് വടംവലികളുടെ ഭാഗമാവാതെ മാറിനിന്നു. ഇതും എ.കെ ആന്റണിയടക്കമുള്ള മുതിർന്ന നേതാക്കളുടെ പിന്തുണയുമാണ് മുല്ലപ്പള്ളിയെ അധ്യക്ഷ പദവിയിൽ എത്തിച്ചത്.

Similar Posts